രക്ഷാദൗത്യത്തിന് ഒരുങ്ങാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം; ജാഗരൂകരായിരിക്കാന്‍ ഉദ്യോഗസ്ഥരോട് മോദി

തിരുവനന്തപുരം: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യത്തിന് ഒരുങ്ങാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം. അടിയന്തര ഒഴിപ്പിക്കല്‍ വേണ്ടിവന്നാല്‍ അതിന് സജ്ജമായിരിക്കാനാണ് നിര്‍ദേശം. രക്ഷാദൗത്യത്തിനുള്ള ആസൂത്രണം നടത്താനും പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

സുഡാനിലെ സ്ഥിതി?ഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച ഉന്നതതലയോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. സുഡാനില്‍ മലയാളി കൊല്ലപ്പെട്ടതില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. 3000 ലധികം ഇന്ത്യാക്കാര്‍ സുഡാനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം യോഗത്തില്‍ അറിയിച്ചു. ഏതൊക്കെ മാര്‍ഗങ്ങളിലൂടെ ഒഴിപ്പിക്കാനാകുമെന്ന കാര്യത്തില്‍ രൂപരേഖ തയ്യാറാക്കാനും സജ്ജമാകാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

സുഡാനിലുള്ളവരുടെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കാനും സാധ്യമമായ എല്ലാ സഹായങ്ങളും എത്തിച്ചു നല്‍കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. മേഖലയിലെ സമീപരാജ്യങ്ങളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്താനും വിദേശകാര്യമന്ത്രാലയത്തിന് മോദി നിര്‍ദേശം നല്‍കി. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിനയ് ഖത്ര, സേനാ മേധാവിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.