വിയന്നയില്‍ മെഗാഷോയുമായി കൈരളി നികേതന്‍: ആസ്വാദനത്തിന്റെ പൂരം ഒരുക്കാന്‍ അയര്‍ലണ്ടില്‍ നിന്നും ‘കുടില്‍ ദി ബാന്‍ഡും’

വിയന്ന: വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വിയന്നയില്‍ സ്റ്റേജ് ഷോയുമായി കൈരളി നികേതന്‍ മലയാളം സ്‌കൂള്‍. സ്‌കൂളിന്റെ 30-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് മെഗാഷോ ടിക്കറ്റ് നിരക്കുകള്‍ ഒന്നുമില്ലാതെ വേദിയിലെത്തിക്കുന്നത്. വിയന്നയിലെ 21-മത്തെ ജില്ലലയിലുള്ള ഫ്‌ലോറിഡ്‌സ്‌ഡോര്‍ഫില്‍ ജൂണ്‍ 24ന് വൈകിട്ട് 6 മണിയ്ക്ക് പരിപാടികള്‍ ആരംഭിക്കും.

കുടുംബ പ്രേക്ഷകര്‍ക്കായി വിവിധ കലാപരിപാടികള്‍ കോര്‍ത്തിണക്കിയ ഒരു മെഗാ സ്റ്റേജ് ഷോ വിയന്നയില്‍ എത്തിയിട്ടുതന്നെ വര്‍ഷങ്ങളായ സാഹചര്യത്തിലാണ് ‘കൈരളി നൈറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ലൈവ് ഷോ വേദിയിലെത്തുന്നതെന്നതും ഏറെ ശ്രദ്ധേയമാണ്.

കൈരളി നികേതനില്‍ പഠിക്കുന്ന കുട്ടികളും, മുന്‍ വിദ്യാര്‍ത്ഥികളും നൃത്താധ്യാപകരും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ വര്‍ണ്ണകാഴ്ചകളുടെ മഴവില്ല് വിരിയിക്കും. ഒപ്പം വാര്‍ഷിക ദിനത്തെ സംഗീതസാന്ദ്രമാക്കാന്‍ അയര്‍ലണ്ടില്‍ നിന്നുള്ള ‘കുടില്‍ ദി ബാന്‍ഡ്’ എന്ന പ്രശസ്ത കലാകാരന്മാരുടെ ലൈവ് മ്യൂസിക്കും ഉണ്ടായിരിക്കും.

വിയന്നയില്‍ ജനിച്ചു വളരുന്ന പ്രവാസി മലയാളി തലമുറയില്‍പ്പെട്ട നിരവധി കുട്ടികള്‍ക്ക് മലയാളത്തിന്റെയും, നൃത്തത്തിന്റെയും അതേസമയം അവരുടെ സാംസ്‌കാരികമായ ഉന്നമനത്തിനും വേണ്ടി കഴിഞ്ഞ മൂന്ന് ദശാബ്ദമായി നിലകൊള്ളുന്ന കൈരളി നികേതന്റെ വാര്‍ഷികാഘോഷങ്ങള്‍ വിപുലമായി സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി സ്‌കൂള്‍ കോഓര്‍ഡിനേറ്റര്‍ എബി കുര്യന്‍ പറഞ്ഞു. ഓസ്ട്രിയയിലെ മുഴുവന്‍ മലയാളികളെയും മെഗാഷോയിലേയ്ക്ക് ക്ഷണിക്കുന്നതായി സംഘാടന കമ്മിറ്റി അംഗങ്ങളായ സെബാസ്റ്റ്യന്‍ കിണറ്റുകര, ബിബിന്‍ കുടിയിരിക്കല്‍, പ്രതിഭ ഷ്വാര്‍സ്, ജോബി ആന്റണി, ജിന്‍സ്‌മോന്‍ ജോസഫ്, ജെയ്‌സി സെര്‍മാക്, ജെസിന്‍ തോമസ് മണ്ണാറുമറ്റത്തില്‍ എന്നിവര്‍ അറിയിച്ചു.