ഇന്ന് ഇന്ത്യ ഭരിക്കാന്‍ ഏറ്റവും യോഗ്യന്‍ നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധിക്ക് യുവാക്കളുടെ പിന്തുണയില്ല; അനില്‍ ആന്റണി

ഇന്ന് ഇന്ത്യ ഭരിക്കാന്‍ ഏറ്റവും യോഗ്യന്‍ നരേന്ദ്ര മോദിയാണെന്നും രാഹുല്‍ ഗാന്ധിക്ക് യുവാക്കളുടെ പിന്തുണയില്ലെന്നും അനില്‍ ആന്റണി

പ്രധാനമന്ത്രിക്ക് എതിരായ ബിബിസി ഡോക്യുമെന്ററിയെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം ട്വന്റിഫോറിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററി ഇന്ത്യയെ ദുര്‍ബലപെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

ബിബിസിക്കെതിരായ നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. കോണ്‍ഗ്രസ് നേതൃത്വം ബിബിസി ഡോക്യുമെന്ററിയെ പിന്തുണയ്ക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസിന് ദിശാബോധമില്ലാത്ത സ്ഥിതിയാണ്. ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തനമാണ് അവര്‍ നടത്തുന്നത്. എന്നാല്‍ ബിജെപി അങ്ങനെയല്ല.

60 വര്‍ഷമില്ലാത്ത വികസനം കഴിഞ്ഞ 9 വര്‍ഷത്തില്‍ ഇന്ത്യക്ക് നേടാനായിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ചയില്‍ അഞ്ചാം സ്ഥാനം നേടി. പ്രധാനമന്ത്രി മോദിക്ക്കൃത്യമായ ദീര്‍ഘവീക്ഷണമുണ്ട്. ഓരോ പദ്ധതിയും ഭാവി ലക്ഷ്യംവെച്ചുള്ളതാണ്. നരേന്ദ്രമോദിയുടെ വീക്ഷണമാണ് ബിജെപിയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

നരേന്ദ്ര മോദിയുടെ നേതൃപാടവം തന്നെ ആകര്‍ഷിച്ചിട്ടുണ്ട്. എകെ ആന്റണിയുടെ മകനാണ് താനെന്നത് വലിയ കാര്യം തന്നെയാണ്. എന്നാല്‍ ബിജെപിയില്‍ ചേരാനുള്ള തീരുമാനം വ്യക്തിപരമാണ്. വീട്ടില്‍ രാഷ്ട്രീയം സംസാരിക്കാറില്ല.

കോണ്‍ഗ്രസിനെ താന്‍ വഞ്ചിച്ചിട്ടില്ല. കോണ്‍ഗ്രസാണ് രാജ്യത്തെ വഞ്ചിക്കുന്നത്. ഇന്നത്തെ കോണ്‍ഗ്രസ് നിഷേധാത്മക പ്രതിപക്ഷമായി മാറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ജയിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യമല്ല കോണ്‍?ഗ്രസിനെ നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.