എയര്‍ ഇന്ത്യ യാത്രക്കിടെ യുവതിക്ക് തേളിന്റെ കുത്തേറ്റു

കഴിഞ്ഞ മാസം നാഗ്പൂരില്‍ നിന്ന് മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ യാത്രക്കിടെ യുവതിക്ക് തേളിന്റെ കടിയേറ്റതായി റിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ യുവതി ചികിത്സ തേടുകയും ചെയ്‌തെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറയുന്നു. ചികിത്സയ്ക്ക് ശേഷം യുവതിയെ ഡിസ്ചാര്‍ജ് ചെയ്‌തെന്നുന്നും എയര്‍ ഇന്ത്യ അറിയിച്ചു. 2023 ഏപ്രില്‍ 23 ന് ഞങ്ങളുടെ എയര്‍ ഇന്ത്യ 630 വിമാനത്തില്‍ ഒരു യാത്രക്കാരിയെ തേള്‍ കടിച്ച നിര്‍ഭാഗ്യകരവുമായ ഒരു സംഭവമുണ്ടായി. ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ യുവതിക്കൊപ്പം ആശുപത്രിയിലേക്ക് പോയിരുന്നു. ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെ ഇവര്‍ക്ക് എല്ലാ പിന്തുണയും നല്‍കി. പരിശോധന നടത്തുകയും തേളിനെ കണ്ടെത്തിയെന്നും വേണ്ടത് ചെയ്തുവെന്നും യാത്രക്കാര്‍ക്കുണ്ടായ വേദനയിലും അസൗകര്യത്തിലും ഖേദിക്കുന്നുവെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. എയര്‍ലൈന്‍ പ്രൊട്ടോക്കോള്‍ പ്രകാരം വിമാനത്തില്‍ പരിശോധന നടത്തി അണുനശീകരണ പ്രവൃത്തികള്‍ നടത്തിയതായും എയര്‍ ഇന്ത്യ അറിയിച്ചു.

സംഭവത്തെത്തുടര്‍ന്ന്, ഡ്രൈ ക്ലീനിങ് അടക്കമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരോട് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാന്‍ എയര്‍ ഇന്ത്യ നിര്‍ദേശം നല്‍കി. വിമാനത്തിനകത്തേക്ക് എത്തുന്ന സാധനങ്ങള്‍ വഴിയും തേള്‍ വിമാനത്തിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം എല്ലാ സംവിധാനങ്ങളിലും അണുനശീകരണം നടത്തുമെന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു. നേരത്തെയും വിമാനത്തില്‍ ഇത്തരം ജീവികളെ കണ്ടെത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കോഴിക്കോട്ടുനിന്ന് ദുബായിലേക്ക് പോയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡില്‍ പാമ്പിനെ കണ്ടെത്തിയിരുന്നു. ദുബായില്‍ ലാന്‍ഡ് ചെയ്തപ്പോഴായിരുന്നു ഇത് കണ്ടെത്തിയത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ലാന്റിംഗിനിടെ യുനൈറ്റഡ് വിമാനത്തില്‍ പാമ്പിനെ കണ്ടെത്തിയിരുന്നു. വിമാനത്തിലെ യാത്രക്കാരാണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ ആളുകള്‍ പരിഭ്രാന്തരായി. ഫ്ളോറിഡയിലെ ടാംപ സിറ്റിയില്‍ നിന്ന് ന്യൂജേഴ്സിയിലേക്കുള്ള വിമാനത്തിലാണ് അപ്രതീക്ഷിതമായി പാമ്പ് പ്രത്യക്ഷപ്പെട്ടത്. സംഭവം ഉടന്‍ തന്നെ നെവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.

എയര്‍പോര്‍ട്ടിലെ വൈല്‍ഡ് ലൈഫ് ഓപ്പറേഷന്‍സ് സ്റ്റാഫും പോര്‍ട്ട് അതോറിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസര്‍മാരും ഉടന്‍ തന്നെ സ്ഥലത്തെത്തി. പാമ്പിനെ പിടികൂടിയ ഇവര്‍ ഇതിനെ കാട്ടിലേക്ക് തുറന്നുവിട്ടതായാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ബിസിനസ് ക്ലാസിലെ യാത്രക്കാര്‍ പാമ്പിനെ കണ്ടതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പാമ്പിനെ കണ്ട് യാത്രക്കാര്‍ നിലവിളിക്കുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും യാത്രയെ ബാധിച്ചില്ലെന്നും യുനൈറ്റഡ് വിമാന അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. പാമ്പിനെ നീക്കം ചെയ്ത ശേഷം യാത്രക്കാര്‍ അവരുടെ ബാഗേജുകളുമായി ഇറങ്ങി. വിമാനത്തില്‍ മറ്റ് ഇഴജന്തുക്കള്‍ ഉണ്ടോ എന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.