പുതിയ ലോകബാങ്ക് പ്രസിഡന്റായി അജയ് ബംഗ
ലോകബാങ്കിന്റെ തലപ്പത്തേക്ക് ഒരു ഇന്ത്യന്‍ വംശജന്‍. വ്യവസായിയും മാസ്റ്റര്‍ കാര്‍ഡിന്റെ മുന്‍ സിഇഒയുമായ അജയ് ബംഗ ലോകബാങ്കിന്റെ അടുത്ത പ്രസിഡന്റാകും. അജയ് ബംഗ ബുധനാഴ്ച പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതായി ലോകബാങ്ക് സ്ഥിരീകരിച്ചു. ആദ്യമായാണ് ഇന്ത്യന്‍ വംശജനായ ഒരാള്‍ ലോകബാങ്കിന്റെ തലപ്പത്തേക്ക് എത്തുന്നത്.
ബുധനാഴ്ച ചേര്‍ന്ന 25 അംഗ എക്സിക്യൂട്ടീവ് ബോര്‍ഡിലാണ് തീരുമാനം. ലോകബാങ്ക് ബോര്‍ഡ് അംഗങ്ങള്‍ തിങ്കളാഴ്ച നാല് മണിക്കൂര്‍ ബംഗയുമായി അഭിമുഖം നടത്തിയതിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടന്നത്. എതിരാളികള്‍ ആരുമില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ച് വര്‍ഷമാണ് കാലാവധി. ജൂണ്‍ രണ്ടിന് ചുമതലയേല്‍ക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് 63 കാരനായ ബംഗയെ ലോകബാങ്ക് പ്രസിഡന്റായി നിര്‍ദ്ദേശിച്ചത്.
പിന്തുണ അറിയിച്ച് തുറന്ന കത്തില്‍, 55 അഭിഭാഷകര്‍, അക്കാദമിക് വിദഗ്ധര്‍, എക്‌സിക്യൂട്ടീവുകള്‍, വെറ്ററന്‍സ്, മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശത്തെ പിന്തുണച്ചു. കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തനായ വ്യക്തി ആണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ബൈഡന്‍, അജയ് ബംഗയെ നിര്‍ദ്ദേശിച്ചത്. നിരവധി നോബല്‍ സമ്മാന ജേതാക്കളും ബംഗയെ പിന്തുണച്ചവരില്‍ ഉള്‍പ്പെടുന്നു. ലോകബാങ്കിന്റെ നിലവിലെ പ്രസിഡന്റായ ഡേവിഡ് മാല്‍പാസ് ഒരു വര്‍ഷം മുമ്പാണ് സ്ഥാനമൊഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
പൂനെയില്‍ ജനിച്ച ബംഗ എഴുപതുകളില്‍ ഷിംലയിലെ സെന്റ് എഡ്വേര്‍ഡ് സ്‌കൂളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അച്ഛന്‍ പട്ടാളത്തില്‍ ഉദ്യോഗസ്ഥനായിരുന്നു. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്നാണ് സിംഗ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയത്. അമേരിക്കന്‍ പൗരനായ ബംഗ ഏകദേശം 12 വര്‍ഷത്തോളം Mastercard Inc-ന്റെ തലവനായിരുന്ന ശേഷം 2021 ഡിസംബറില്‍ വിരമിക്കാനിരിക്കുകയായിരുന്നു.
സാമ്പത്തിക, സാങ്കേതിക മേഖലകളില്‍ ബംഗയ്ക്ക് വൈദഗ്ധ്യമുണ്ട്. 63 കാരനായ ബംഗ അമേരിക്കന്‍ റെഡ് ക്രോസ്, ക്രാഫ്റ്റ് ഫുഡ്‌സ്, ഡൗ ഇന്‍ക് എന്നിവയുടെ ബോര്‍ഡുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിനൊപ്പം പാര്‍ട്ണര്‍ഷിപ്പ് ഫോര്‍ സെന്‍ട്രല്‍ അമേരിക്കയുടെ കോ-ചെയര്‍ ആയി അജയ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ത്രിരാഷ്ട്ര കമ്മീഷനിലും അംഗമാണ്. അജയ് യു.എസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്റെ സ്ഥാപക ട്രസ്റ്റിയും യുണൈറ്റഡ് സ്റ്റേറ്റ്‌സ്-ചൈന റിലേഷന്‍സ് ദേശീയ സമിതി അംഗവുമാണ്. അമേരിക്കന്‍ ഇന്ത്യ ഫൗണ്ടേഷന്റെ ചെയര്‍മാന്‍ എമിരിറ്റസ് കൂടിയാണ് അദ്ദേഹം.