മുന്‍ എം.എല്‍.എ നബീസ ഉമ്മാള്‍ അന്തരിച്ചു

മുന്‍ എം.എല്‍.എ പ്രൊഫ. നബീസ ഉമ്മാള്‍ (92) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലിരിക്കെ, തിരുവനന്തപുരം നെടുമങ്ങാടുള്ള പത്താംകല്ലിലെ വസതിയിലായിരുന്നു അന്ത്യം. കേരളത്തിലെ നിരവധി സര്‍ക്കാര്‍ കോളേജുകളില്‍ അധ്യാപികയായും പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നെടുമങ്ങാട് മുന്‍സിപ്പാലിറ്റി മുന്‍ ചെയര്‍പേഴ്‌സണായിരുന്നു. പണ്ഡിതയും സാംസ്‌കാരിക പ്രഭാഷകയുമായിരുന്നു നബീസ ഉമ്മാള്‍.

1931-ല്‍ ആറ്റിങ്ങലിലെ കല്ലന്‍വിള വീട്ടില്‍ തമിഴ്നാട് ഭൂതപ്പാണ്ടി സ്വദേശിയായ അസനുമ്മാളുടെയും പൊലീസ് കോണ്‍സ്റ്റബ്‌ളായിരുന്ന ഖാദര്‍ മൊയ്തീന്റെയും അഞ്ച് മക്കളില്‍ ഇളയവളായാണ് നബീസ ഉമ്മാള്‍ ജനിച്ചത്. ആറ്റിങ്ങല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ സ്‌കൂള്‍ വിദ്യഭ്യാസം. തിരുവനന്തപുരം വിമന്‍സ് കോളജില്‍ നിന്ന് ഇന്റര്‍മീഡിയേറ്റും ബി.എ ഇക്‌ണോമിക്‌സും പൊളിറ്റിക്കല്‍ ആന്റ് ഇന്ത്യന്‍ ഹിസ്റ്ററിയില്‍ ഡിസ്റ്റിംഗ്ഷനും നേടിയിട്ടുണ്ട്.

തിരുവനന്തപുരം യൂണിവേര്‍സിറ്റി കോളജില്‍ നിന്ന് എം.എ മലയാളം ലിറ്ററേച്ചര്‍ ബിരുദവും നേടി. മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ആദ്യ മുസ്ലീം പെണ്‍കുട്ടിയായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ 1987-ല്‍ കഴക്കൂട്ടം നിയമസഭാ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അവര്‍ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991ലെ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തു നിന്നും എം.വി രാഘവനോട് 689 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.