ഡാളസിലെ അലന്‍ മാളില്‍ വെടിവയ്പ്പ്: അക്രമിയുള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു

പി പി ചെറിയാന്‍

ഡാളസ്: ശനിയാഴ്ച ഡാളസിന് സമീപമുള്ള തിരക്കേറിയ അലന്‍ സിറ്റിയിലെ മാളില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അലന്‍ പോലീസ് മേധാവി ബ്രയാന്‍ ഹാര്‍വി വൈകീട്ട് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.പൊലീസ് തിരിച്ചുവെടിവച്ചതിനെ തുടര്‍ന്ന് തോക്കുധാരി കൊല്ലപ്പെട്ടതായി പോലീസ് മേധാവി ബ്രയാന്‍ ഹാര്‍വി പറഞ്ഞു.

രാജ്യത്തെ ഏറ്റവും പുതിയ തോക്ക് ആക്രമണത്തെ തുടര്‍ന്ന് അക്രമിയുള്‍പ്പെടെ മരിച്ചത് 9 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത് .പരിഭ്രാന്തരായ നൂറുകണക്കിനാളുകള്‍ മാളില്‍ നിന്ന് പലായനം ചെയ്തു. ടെക്‌സാസിലെ അലന്‍ പ്രീമിയം ഔട്ട്‌ലെറ്റ്‌സ് മാളിന് പുറത്ത് നിന്നാണ് വെടിയുതിര്‍ത്തത്.

വെടിയേറ്റ് പരിക്കേറ്റ ഒമ്പത് പേരെയെങ്കിലും ആശുപത്രികളിലേക്ക് കൊണ്ടുപോയതായി അലന്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ജോണ്‍ ബോയ്ഡ് പത്രസമ്മേളനത്തില്‍ പറഞ്ഞു. പരിക്കേറ്റവരുടെ പ്രായം 5 മുതല്‍ 61 വയസ് വരെയാണെന്ന് മെഡിക്കല്‍ സിറ്റി ഹെല്‍ത്ത് കെയറിന്റെ വക്താവ് പറഞ്ഞു.

വെടിവയ്പിനെ കുറിച്ച് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
വൈറ്റ് ഹൗസ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പിന്തുണ നല്‍കുന്നതിനായി നിയമപാലകരുമായും പ്രാദേശിക ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ഒരു പ്രസ്താവന ഇറക്കി, മാളില്‍ നടന്ന വെടിവയ്പ്പിന് മറുപടിയായി, ‘ഡിപിഎസ് ഓഫീസര്‍മാരും ടെക്‌സസ് റേഞ്ചേഴ്‌സും ഉള്‍പ്പെടെ ആവശ്യമായ എല്ലാ സഹായങ്ങളും വിഭവങ്ങളും വേഗത്തില്‍ വിന്യസിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് ടെക്‌സസ് സ്റ്റേറ്റിന്റെ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായി ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ”ഈ പറഞ്ഞറിയിക്കാനാവാത്ത ദുരന്തത്തില്‍ ഇന്ന് രാത്രി ടെക്സാസിലെ അലനിലെ ജനങ്ങള്‍ക്കൊപ്പമാണ് ഞങ്ങളുടെ ഹൃദയം,” ആബട്ട് പറഞ്ഞു.

താനും ഭാര്യയും വെടിയേറ്റ കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയാണെന്നും പ്രാദേശിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ടെക്‌സസ് സെനറ്റര്‍ ടെഡ് ക്രൂസ് പറഞ്ഞു.