വികാരഭരിതമായ അനുശോചനയോഗത്തില്‍ നവയുഗം സനു മഠത്തിലിനെ അനുസ്മരിച്ചു.
ദമ്മാം: സുഖദുഃഖങ്ങളില്‍ എന്നും നിറഞ്ഞ ചിരിയുമായി കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകന്റെ ഓര്‍മ്മകള്‍ പങ്കു വെച്ചപ്പോള്‍, പലപ്പോഴും പ്രാസംഗികര്‍ക്ക് വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. അകാലത്തില്‍ വിടപറഞ്ഞു പോയ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും, ദല്ല മേഖല പ്രസിഡന്റും, ജീവകാരുണ്യപ്രവര്‍ത്തകനുമായ സനു മഠത്തിന്റെ അനുസ്മരണയ്ക്കായി നവയുഗം കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച യോഗം, വികാരഭരിതമായ ഒട്ടേറെ രംഗങ്ങള്‍ക്കാണ് വേദിയായത്.
ദമ്മാം ബദര്‍ അല്‍റാബി ഹാളില്‍, നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറര്‍ സാജന്‍ കണിയാപുരത്തിന്റെ അദ്ധ്യക്ഷതയിലാണ് അനുസ്മരണയോഗം ചേര്‍ന്നത്.
നവയുഗം ദല്ല മേഖല സെക്രട്ടറി നിസ്സാം കൊല്ലം അനുശോചന പ്രമേയം അവതരിപ്പിച്ചു. ചെറുതെങ്കിലും ധന്യമായ ഒരു ജീവിതമാണ് സനുവിന്റേതെന്നും, വിട പറഞ്ഞാലും അദ്ദേഹം കാട്ടിയ കാരുണ്യവും, പുരോഗമന ആശയങ്ങളും, സഹജീവികളോടുള്ള സഹോദരതുല്യമായ സ്‌നേഹവും, നല്ല കമ്യുണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ജീവിതവും എന്നും സ്മരണകളില്‍ ജ്വലിച്ചു നില്‍ക്കുമെന്നും നവയുഗം അനുശോചനപ്രമേയത്തില്‍ പറഞ്ഞു.
തുടര്‍ന്ന് സനുവിനോടുള്ള ആദരസൂചകമായി സദസ്സ് മൂന്നു മിനിറ്റ് മൗനം ആചരിച്ചു.
നവയുഗം കേന്ദ്രഭാരവാഹികളായ ഷാജി മതിലകം, എം.എ.വാഹിദ് കാര്യറ, ജമാല്‍ വില്യാപ്പള്ളി, മാധ്യമപ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപുഴ, നവയുഗം നേതാക്കളായ മഞ്ജു മണിക്കുട്ടന്‍, അരുണ്‍ ചാത്തന്നൂര്‍, ഉണ്ണി പൂച്ചെടിയല്‍, ലത്തീഫ് മൈനാഗപ്പള്ളി, പദ്മനാഭന്‍ മണിക്കുട്ടന്‍, സജീഷ് പട്ടാഴി, തമ്പാന്‍ നടരാജന്‍, , സംഗീത ടീച്ചര്‍, ഷീബ സാജന്‍, സഹീര്‍ഷാ, ബിനുകുഞ്ഞു, ജേക്കബ് ഉതുപ്പ്, പ്രഭാകരന്‍, മിനി ഷാജി, കൃഷ്ണന്‍ പേരാമ്പ്ര, ലീന ഉണ്ണികൃഷ്ണന്‍, നന്ദകുമാര്‍, വര്‍ഗ്ഗീസ്, രാജന്‍ കായംകുളം, രവി ആന്ത്രോട്, റിയാസ്, ഹുസ്സൈന്‍ നിലമേല്‍ എന്നിവര്‍ സനുവിനെ അനുസ്മരിച്ചു സംസാരിച്ചു.
16 വര്‍ഷത്തോളമായി ദമ്മാം പ്രവാസിയായ സനു മഠത്തില്‍ 2023 ഏപ്രില്‍ 22 നാണ് ദമ്മാം കൊദറിയയിലെ താമസസ്ഥലത്തു വെച്ച് ഉറക്കത്തില്‍ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് നിര്യാതനായത്.
സൗദിയുടെ കിഴക്കന്‍ പ്രവിശ്യയുടെ സാമൂഹ്യ,സാംസ്‌ക്കാരിക,ജീവകാരുണ്യ രംഗങ്ങളില്‍ നിറസാന്നിധ്യമായ സനു മഠത്തില്‍, വിദ്യാര്‍ത്ഥികാലം മുതല്‍ക്കേ നാട്ടിലും സജീവ സാമൂഹ്യ രാഷ്ട്രീയപ്രവര്‍ത്തകന്‍ ആയിരുന്നു. വര്‍ഷങ്ങളായി ദമ്മാമിലെ സാമൂഹിക ജീവിതത്തില്‍ സജീവമായിരുന്ന സനു മഠത്തില്‍ മനുഷ്യസ്‌നേഹിയും, നിസ്വാര്‍ത്ഥനായ ജീവകാരുണ്യപ്രവര്‍ത്തകനും, മികച്ച സംഘാടകനും, രസകരമായി സംസാരിയ്ക്കുന്ന പ്രാസംഗികനും ഒക്കെയായിരുന്നു.
നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ ഭാഗമായി ഒട്ടേറെ പ്രവാസികളെ നിയമക്കുരുക്കുകളില്‍ നിന്നും, തൊഴില്‍ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാന്‍ സഹായിക്കുകയും, നിതാഖത്ത് കാലത്തും, കോവിഡ് രോഗബാധയുടെ കാലത്തും ഒക്കെ മറ്റുള്ളവരെ സഹായിക്കാന്‍ സജീവമായി സാമൂഹ്യസേവനം നടത്തുകയും ചെയ്ത സനുവിന്റെ മനസ്സ് എന്നും നന്മകള്‍ക്ക് ഒപ്പമായിരുന്നു. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന സനുവിന് നാട്ടിലും, പ്രവാസലോകത്തും വലിയൊരു സുഹൃത്ത് വൃന്ദവും ഉണ്ടായിരുന്നു.
നിയമനടപടികള്‍ക്ക് ശേഷം, ദമ്മാമില്‍ വ്യാഴാഴ്ച രാത്രി നാട്ടിലേയ്ക്ക് കൊണ്ട് പോയ ഭൗതിക ശരീരം, മോശം കാലാവസ്ഥ കാരണം കണക്ഷന്‍ ഫ്‌ലൈറ്റ് താമസിച്ചതിനാല്‍, ശനിയാഴ്ച രാവിലെയാണ് കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തിയത്. ബന്ധുക്കളും, സുഹൃത്തുക്കളും, സിപിഐ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നവര്‍ ഏറ്റുവാങ്ങി വിലാപയാത്രയായി ജന്മദേശമായ ചിതറ അയിരക്കുഴി മഠത്തില്‍ വീട്ടില്‍ ഭൗതിക ശരീരം എത്തിച്ചു.
മന്തിമാരായ കെ രാജന്‍, ചിഞ്ചുറാണി, വിവിധ ജനപ്രതിനിധികള്‍, നവയുഗം, സി പി ഐ നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വൈകുന്നേരത്തോടെ സംസ്‌ക്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.