താനൂരിലെ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. 15 പേരെ രക്ഷപ്പെടുത്തി
മലപ്പുറം താനൂരിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. മരിച്ചവരില്‍ അധികവും കുട്ടികളാണെന്നാണ് ലഭ്യമായ വിവരം. ഇതുവരെ 15 പേരെയാണ് രക്ഷപ്പെടുത്താനായത്. ഏതാണ്ട് 5 പേരെക്കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. 40 പേരാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുകയാണെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ബി. സന്ധ്യ അറിയിച്ചു. ഹൗസ് ബോട്ടായതിനാള്‍ കൂടുതല്‍ ആളുകള്‍ അപകടത്തില്‍പ്പെട്ടിരിക്കുകയാണ്. ഫയര്‍ഫോഴ്‌സിന്റെ നാല് യൂണിറ്റാണ് നിലവില്‍ സ്ഥലത്തുള്ളതെന്നും കൂടുതല്‍ ആളുകളെ ആവശ്യമെങ്കില്‍ എത്തിക്കുമെന്നും ബി. സന്ധ്യ വ്യക്തമാക്കി.
വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് ആണ് മറിഞ്ഞത്. നിരവധി പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, തിരൂരങ്ങാടി എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരില്‍ പലരെയും പ്രവേശിപ്പിച്ചിട്ടുള്ളത്. വന്‍ ജനക്കൂട്ടവും വാഹനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നതിനാല്‍ പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.