വിയന്നയില്‍ യേശുവിന്റെയും മാതാവിന്റെയും രൂപങ്ങള്‍ തകര്‍ത്തനിലയില്‍

വിയന്ന: ഫ്‌ലോറിഡ്സ്ഡോര്‍ഫ് ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന മാര്‍ച്ച്ഫെല്‍ഡ് കനാലിന്റെ സമീപമുള്ള പ്രാര്‍ത്ഥനാഗാര്‍ഡനില്‍ യേശുവിന്റെയും, മാതാവിന്റെ തിരുസ്വരൂപങ്ങളുടെയും തല തകര്‍ത്തനിലയില്‍. രൂപങ്ങളുടെ തല അറുത്തുവേര്‍പെടുത്തിയ നിലയിലാണ് രാവിലെ നടക്കാന്‍ വന്നവര്‍ കണ്ടെത്തിയത്. ദുക്‌റാന തിരുനാള്‍ ദിനത്തിലാണ് സംഭവം. അധികാരികള്‍ അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

ഫ്‌ലോറിഡ്സ്ഡോര്‍ഫര്‍ പത്രം ‘DFZ’ റിപ്പോര്‍ട്ട് ചെയ്യുന്നതുനുസരിച്ചു 2007ല്‍ ഈ തോട്ടം നിമ്മിച്ചതിനുശേഷം തൊട്ടുപിന്നാലെയും, നശീകരണ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് കുറ്റക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തില്‍ എഫ്പിഓ ജില്ലാ പാര്‍ട്ടി ചെയര്‍മാന്‍ വോള്‍ഫ്ഗാങ് ഇര്‍ശ്ചിക് അപലപിച്ചു. തീവ്രസ്വഭാവമുള്ള മത പ്രവര്‍ത്തകരും രാഷ്ട്രീയപരമായ കാരണങ്ങളും സംഭവത്തിന്റെ പിന്നിലുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ക്രിസ്ത്യാനികളല്ലാത്ത ചില കുടിയേറ്റക്കാര്‍ക്ക് ഇവിടെ പതിവായി നടക്കുന്ന കാര്യങ്ങളില്‍ വെറുപ്പ് രൂപപ്പെട്ടതാകാം കാരണമെന്നു അദ്ദേഹം പ്രതികരിച്ചു. ക്രിസ്ത്യന്‍ സംസ്‌കാരത്തോടുള്ള ഈ അനാദരവില്‍ എസ്.പി.ഓ, നെയോ പാര്‍ട്ടികളുടെ മെല്ലപോക്ക് നയത്തെ ഇര്‍ശ്ചിക് കുറ്റപ്പെടുത്തുകയും, കാര്യങ്ങള്‍ മുളയിലേ നുള്ളിയില്ലെങ്കില്‍ പാരിസ് വിയന്നയില്‍ ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് മാതാവിന്റെ രൂപത്തില്‍ ചായം ചാര്‍ത്തിയത് വളരെ പണിപ്പെട്ടാണ് നീക്കം ചെയ്തതെന്ന് പ്രാര്‍ത്ഥന ഉദ്യാനത്തിന്റെ തുടക്കക്കാരിലൊരാളായ ഇല്‍സെ വാരേക്ക പറയുന്നു. വലിയ രീതിയിലുള്ള കേടുപാടികളാണ് തോട്ടത്തില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം അക്രമികളെ കുറിച്ച് ഇതുവരെ ഒരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല. വിശ്വാസികളും അല്ലാത്തവരുമായ നിരവധിപേര്‍ സന്ദര്‍ശിക്കുന്ന ഈ ഗാര്‍ഡ്‌നനില്‍ സിസിടിവിയോ മറ്റോ ഇല്ലാത്തതും പോലീസ് അന്വേഷണത്തെ ബാധിക്കുന്നുണ്ട്.

സ്വകാര്യ ഉടമസ്ഥതയിലുള്ളതും പൊതുജനങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്നതുമായ ഈ തോട്ടം സന്ദര്‍ശകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. തോട്ടം വിയന്ന അതിരൂപതയില്‍ പെട്ടതല്ലെങ്കിലും ചിലപ്പോള്‍ ഇവിടെ വിശുദ്ധ കുര്‍ബാന നടത്താറുണ്ട്.