അഭിഷേക നിറവില്‍ ഷെഫീല്‍ഡ് സീറോ മലബാര്‍ കമ്മ്യൂണിറ്റി. മിഷന്‍ പ്രഖ്യാപനവും പ്രധാന തിരുനാളും നാളെ: അനുഗ്രഹമേകാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും ബിഷപ്പ് റാല്‍ഫ് ഹെസ്‌കറ്റും
ഷെഫീല്‍ഡ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ചിരകാല സ്വപ്ന സാക്ഷത്കാരമെന്നോണം കുടുംബ പ്രേഷിതയായ വി. മദര്‍ മറിയം ത്രേസ്സ്യയുടെ നാമധേയത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കീഴില്‍ നാളെ ഷെഫീല്‍ഡ് മിഷന്‍ യാഥാര്‍ഥ്യമാകും .ജൂണ്‍ 29 ന് കൊടിയേറിയ തിരുനാളിന്റെ പ്രധാന ദിനവും മിഷന്‍ പ്രഖ്യാപനവും ഒരുമിക്കുന്ന പ്രത്യേക ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികനാകും. നിരവധി വൈദികരും സന്യസ്തരും പങ്കെടുക്കുന്ന ചടങ്ങിന് അനുഗ്രഹ സാന്നിധ്യമായിക്കൊണ്ട് ഷെഫീല്‍ഡ് ഹാലം രൂപത ബിഷപ്പ് റാല്‍ഫ് ഹെസ്‌കറ്റും എത്തിച്ചേരും .തലശ്ശേരി രൂപതാംഗമായ റവ. ഫാ. ജോസഫ് കിഴക്കരക്കാട്ടാണ് പുതിയ ഷെഫീല്‍ഡ് മിഷന്റെ ആദ്യ ഡയറക്ടര്‍.2021 ല്‍ ഷെഫീല്‍ഡ് പ്രൊപോസ്ഡ് മിഷന്റെ ചുമതലയേറ്റുകൊണ്ട് നിയമിതനായ ഫാ. കിഴക്കരക്കാടിന്റെ നേതൃത്വത്തിലാണ് വി.മറിയം ത്രേസ്സ്യ മിഷന്‍ യാഥാര്‍ഥ്യമാകുന്നത്. ഞായറാഴ്ച്ച രണ്ടും മറ്റെല്ലാ ദിവസങ്ങളിലും സെന്റ്. തോമസ് മൂര്‍ പള്ളിയില്‍ ഷെഫീല്‍ഡില്‍ വി. കുര്‍ബാന നടക്കുന്നുവരുന്നു .കൂടാതെ എല്ലാ ഞായറാഴ്ച്ചയും കുട്ടികള്‍ക്ക് വേദപാഠവും നടക്കുന്നു.മാസത്തിലൊരു ഞായറാഴ്ച്ച ഷെഫീല്‍ഡ് മിഷന്റെ കീഴിലുള്ള റോതെര്‍ഹാം, ബാണ്‍സ്ലി, ഡോണ്‍കാസ്റ്റര്‍ , വര്‍ക്സോപ് എന്നിവിടങ്ങളിലും വി. കുര്‍ബാനയും കുട്ടികള്‍ക്ക് വേദപാഠവും നടക്കുന്നു.
2006 ല്‍ മാന്നാനം കെ ഇ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ റവ.ജോസഫ് കുഴിച്ചാലില്‍ അച്ചനാണ് ഷെഫീല്‍ഡില്‍ ഏതാണ്ട് 2002 കാലം മുതല്‍ എത്തിച്ചേര്‍ന്ന ആദ്യകാല മലയാളികള്‍ക്കായി വി. കുര്‍ബാനയാരംഭിച്ചത്. തുടര്‍ന്ന് ദീര്‍ഘകാലം ഫാ.ജോയ് ചേറാടിയില്‍ MST, പാലാ രൂപതയില്‍ നിന്നുമുള്ള ഫാ. ബിജു കുന്നക്കാട്ട് എന്നിവരും ഇടക്കാലങ്ങളിലായി ഫാ. വര്‍ഗീസ് പുത്തന്‍പുര. ഫാ. ജോസഫ് പൊന്നേത്ത് എന്നിവരും ഷെഫീല്‍ഡ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ സേവനം ചെയ്തു.ലീഡ്‌സ് ഇടവക വികാരിയായിരിക്കെ തലശ്ശേരി അതി രൂപതയില്‍ നിന്നുമുള്ള മാത്യു മുളയോലിലച്ചനാണ് ഷെഫീല്‍ഡില്‍ പ്രീസ്റ്റ് ഇന്‍ചാര്‍ജ് എന്ന നിലയില്‍ എറ്റവും കൂടുതല്‍ കാലം സേവനം ചെയ്തത്. പ്രശസ്ത ധ്യാനഗുരുകൂടിയായ ഡോണ്‍ബോസ്‌കോ സഭാംഗം ഫാ. സിറില്‍ ജോണ്‍ ഇടമന റോതെര്‍ഹാമിലും ദീര്‍ഘകാലം സേവനം ചെയ്തിരുന്നു. ഷെഫീല്‍ഡ് ഹാലം രൂപതയില്‍ സേവനം ചെയ്തിരുന്ന ഫാ. തോമസ് മടുക്കാമൂട്ടില്‍, ഫാ.സന്തോഷ് വാഴപ്പിള്ളി എന്നിവരുടെയും ഡോണ്‍കാസ്റ്റര്‍ വി ഫ്രാന്‍സിസ് ഡി സാലസ് കോണ്‍ഗ്രിഗേഷനിലെ സിസ്റ്റേഴ്‌സിന്റെയും സ്തുത്യര്‍ഹമായ സേവനം അവരുടെ ഓരോരുത്തരുടെയും കാലയളവിലുടനീളം ഷെഫീല്‍ഡ് സീറോ മലബാര്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി ലഭിക്കുകയും ഇന്നും തുടരുകയും ചെയ്യുന്നു.ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍, ഫാ. ജോസ് പള്ളിയില്‍ VC, ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ്, ഫാ. ബിജു ചിറ്റുപറമ്പന്‍ എന്നിവരും വിവിധ വേളകളില്‍ ഷെഫീല്‍ഡ് കമ്മ്യൂണിറ്റിക്കുവേണ്ടി സേവനം ചെയ്തവരാണ്.
2006 ല്‍ തന്നെ ഷെഫീല്‍ഡില്‍ കുട്ടികള്‍ക്ക് വേദപാഠവും ആരംഭിച്ചിരുന്നു. ഡയറക്ടര്‍ ഫാ. ജോം മാത്യു കിഴക്കരക്കാട്ട്, നിലവിലെ കൈക്കാരന്മാരായ ജോര്‍ജ് ആന്റണി , ബിനോയി പള്ളിയാടിയില്‍, കമ്മിറ്റിയംഗങ്ങള്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, മാതൃവേദി എന്നിവരുടെയും വിവിധ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ മിഷന്‍ പ്രഖ്യാപനത്തിനും തിരുനാളിനുമുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പി ആര്‍ ഒ മാര്‍ട്ടിന്‍ ബാബു അറിയിച്ചു. ആദ്യകാല മലയാളിയും കോട്ടയം കുടമാളൂര്‍ സ്വദേശിയുമായ പാലത്തുപറമ്പില്‍ മാണി തോമസും കുടുംബവുമാണ് വി. മദര്‍ മറിയം ത്രേസ്സ്യ മിഷന്‍ യാഥാര്‍ഥ്യമായതിനുശേഷമുള്ള ആദ്യ തിരുനാളിന്റെ പ്രധാന പ്രസുദേന്തി.തിരുനാളിനൊരുക്കമായി ജൂണ്‍ 29ന് ഫാ ജോം മാത്യു കിഴക്കരക്കാട്ട് കൊടിയുയര്‍ത്തി. ഷെഫീല്‍ഡിലെത്തിച്ചേര്‍ന്ന പള്ളോട്ടിന്‍ സഭാംഗം ഫാ. സെബിന്‍ തൈരംചേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വെള്ളിയാഴ്ച്ച മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രത്യേക വി കുര്‍ബാന നടന്നു. ശനിയാഴ്ച്ച വൈകിട്ട് ലാറ്റിന്‍ റീത്തിലുള്ള വി. കുര്‍ബാനയ്ക്ക് ഫാ.കലിസ്റ്റസ് എന്‍വോവി മുഖ്യ കാര്‍മ്മികത്വം വഹിക്കും.