വിയന്നയില്‍ സീറോ മലബാര്‍ സഭയുടെ രണ്ടാമത്തെ ഇടവകയ്ക്ക് തുടക്കമായി
വിയന്ന: എസ്ലിംങ് കേന്ദ്രികരിച്ച് വിയന്നയില്‍ സീറോ മലബാര്‍ സഭയ്ക്ക് രണ്ടാമത്തെ സ്വതന്ത്ര ഇടവക നിലവില്‍ വന്നു. ജൂലൈ 9ന് എസ്ലിംങില്‍ നടന്ന വി. കുര്‍ബാനയില്‍ ഓസ്ട്രിയയിലെ പൗരസ്ത്യ സഭകള്‍ക്കു വേണ്ടി വത്തിക്കാനില്‍ നിന്നും അനുവദിച്ചിരിക്കുന്ന ഓര്‍ഡിനറിയാത്തിന്റെ (ഓറിയന്റല്‍ ചര്‍ച്ചുകള്‍ക്കായി മാര്‍പാപ്പ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനം) വികാരി ജനറാള്‍ മോണ്‍. യുറീ കൊളാസയാണ് പ്രഖ്യാപനം നടത്തിയത്.
സെന്റ് ജോസഫ് ചര്‍ച്ച് എസ്ലിംഗ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ഇടവകയുടെ ഔപചാരിക ഉദ്ഘാടന ചടങ്ങുകള്‍ സെപ്തംബര്‍ അവസാനത്തോടെ നടക്കും. ഇതോടെ സീറോ മലബാര്‍ സഭയുടെ മെഡിലിങ്, സൈക്കോഗാസെ പള്ളികള്‍ക്ക് പുറമെ സഭയുടെ രണ്ടാമത്തെ സ്വതന്ത്ര ഇടവകയായി എസ്ലിംങ് പ്രവര്‍ത്തിക്കും. പുതിയ ഇടവകയുടെ വികാരിയായി ഫാ. തോമസ് കൊച്ചുചിറയും, ഫാ. ഡിന്റോ ജോസ് പ്ലാക്കല്‍ അസി. വികാരിയുമായി ചുമതലയേറ്റു.
അതേസമയം വിശ്വാസികള്‍ക്ക് എസ്ലിംഗ് പള്ളിയിലോ മൈഡ്ലിംഗ് പള്ളിയിലോ പോകുന്നതിന് സഭാപരമായ അധികാരപരിധിയില്ല. ജൂലൈ 15 (ശനിയാഴ്ച) രാവിലെ 8.00 മണിക്ക് ബിഷപ്പ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് എല്ലാ ശനിയാഴ്ചകളിലും രാവിലെ 8:00 മണിയ്ക്ക് വി. കുര്‍ബാന ഉണ്ടായിരിക്കും. സെപ്റ്റംബര്‍ മുതല്‍ വി. കുര്‍ബാനയും, വേദപാഠ ക്‌ളാസുകളും സാധാരണ നിലയില്‍ ആരംഭിക്കും.
വിശ്വാസികളുടെ സഭാപരവും ആദ്ധ്യാത്മികവുമായ ആവശ്യങ്ങള്‍ ഓര്‍ഡിനറിയാത്തിന്റെ വികാരി ജനറാലിനെയും വിയന്ന അതിരൂപതാധ്യക്ഷനെയും സമയാസമയങ്ങളില്‍ അറിയിച്ച് സന്ദര്‍ശനങ്ങള്‍ നടത്തുകയും സഭയുടെ വിശ്വാസവികസന പദ്ധതികള്‍ നടപ്പിലാക്കുന്നതും നിലവിലുള്ള സഭാസംവിധാനമനുസരിച്ച് യൂറോപ്പിലെ സീറോ മലബാര്‍ സഭയ്ക്കുവേണ്ടി മാര്‍പാപ്പ നിയമിച്ചിരിക്കുന്ന അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്താണ്.