ഏക സിവില്‍കോഡ് ചര്‍ച്ചയാകാം നിര്‍ബന്ധപൂര്‍വ്വം നടപ്പാക്കരുതെന്നു ,മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ
പി പി ചെറിയാന്‍
ന്യൂയോര്‍ക്: ജനങ്ങളുടെ ഇടയില്‍ ഏക സിവില്‍ കോഡിനെ പറ്റി ചര്‍ച്ചകള്‍ ആവാം പക്ഷേ മുകളില്‍നിന്നും ഏകപക്ഷീയവും നിര്‍ബന്ധപൂര്‍വ്വം നടപ്പാക്കരുതെന്നു മാധ്യമങ്ങള്‍ക്കു നല്‍കിയ വാര്‍ത്താകുറിപ്പില്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ചൂണ്ടിക്കാട്ടി
ഇന്ത്യയെപ്പോലുള്ള ബഹുസ്വര സമൂഹത്തില്‍ ഏക സിവില്‍കോഡ് നടപ്പാക്കുന്നത് അപ്രായോഗികമാണെന്നും ഇന്ത്യയെപ്പോലെ വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു ജനാധിപത്യ മതനിരപേക്ഷ രാജ്യത്ത് ഇതിനെ പിന്തുണക്കാനാകില്ലെന്നും മലങ്കര മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താപറഞ്ഞു. ഭരണഘടനാ രൂപവത്കരണ സമയത്ത് ഏക സിവില്‍ കോഡിനെ കുറിച്ച് ആലോചിച്ചെങ്കിലും, ഇക്കാര്യത്തില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞില്ല, അതിനാല്‍ ആര്‍ട്ടിക്കിള്‍ 44 ല്‍ യുസിസി വേണം എന്ന ആഗ്രഹം മാത്രമേ പരാമര്‍ശിച്ചിട്ടുള്ള ഉള്ളൂ സ്വാതന്ത്ര്യ ലബ്ധി മുതലുള്ള ആദ്യകാല ചര്‍ച്ചകളും ശ്രമങ്ങളും ഉണ്ടായിരുന്നിട്ടും യുസിസി ഒരിക്കലും യാഥാര്‍ഥ്യമായില്ല എന്ന വസ്തുത ഇന്ത്യയില്‍ വ്യക്തിനിയമങ്ങള്‍ ക്ക് പകരം വെക്കുന്ന ഒരു ഏകീകൃത സിവില്‍ നിയമം നടപ്പാക്കുന്നതിലെ സങ്കീര്‍ണതകളെ തുറന്നുകാട്ടുന്നു
ജനാധിപത്യത്തിന്റെ സൗന്ദര്യം വൈവിധ്യങ്ങളിലാണ്. ഇന്ത്യയുടെ ഭരണഘടനയില്‍ വംശം, മതം, ലിംഗഭേദം തുടങ്ങിയവയുടെ ബഹുത്വം അംഗീകരിച്ചിട്ടുണ്ട്. അങ്ങനെ അസംഖ്യം സാംസ്‌കാരിക വൈവിധ്യം ഇഴചേര്‍ന്ന് നിലകൊള്ളുന്ന രാജ്യമാണ് ഭാരതം. അത്തരത്തില്‍ വിവിധ സാംസ്‌കാരിക, മത, രാഷ്ട്രീയ മേഖലകള്‍ക്ക് ഇതിനകം തന്നെ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. നാളിതുവരെ നാം കാത്തുസൂക്ഷിച്ച ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും ഭരണഘടന ഉറപ്പാക്കുന്ന മത സ്വാതന്ത്ര്യവും ഹനിക്കപ്പെടരുത്. 2018ലെ ലോ കമ്മീഷന്‍ ഏക സിവില്‍കോഡ് ആവശ്യമോ അഭികാമ്യമോ അല്ലെന്നാണ് പ്രഖ്യാപിച്ചത്.
ഭാവിയില്‍ ഒരു പാര്‍ലമെന്റില്‍ ഏകസിവില്‍കോഡ് അവതരിപ്പിക്കുകയാണ് എങ്കില്‍ ഞങ്ങള്‍ അതിനു വിധേയരാകാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുന്നവര്‍ക്കു മാത്രമേ കോഡ് ബാധകമാകു എന്ന വ്യവസ്ഥ ഉണ്ടാകണമെന്ന് ഭരണഘടന അസംബ്ലി ചര്‍ച്ചകളില്‍ ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍ നിലപാട് സ്വീകരിച്ചിരുന്നു രാജ്യത്ത് സാമ്പത്തിക അസമത്വം നിലനില്‍ക്കുന്നു ന്യൂനപക്ഷങ്ങള്‍ക്ക് ചില പ്രത്യേക അവകാശങ്ങള്‍ ഭരണഘടന നല്‍കുന്നുണ്ടെന്നും പ്രസ് റിലീസില്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ പറഞ്ഞു
ഏകീകൃത സിവില്‍ കോഡ്: ഇന്ത്യയിലെ പ്രധാന മത-ജാതി വൈജാത്യങ്ങള്‍ക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയില്‍ ഇപ്പോള്‍ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യക്കാര്‍ക്കും ഒരേ രീതിയില്‍ ബാധകമാകുന്ന തരത്തില്‍ ഒരു പൊതു വ്യക്തി നിയമ സംഹിത വേണം എന്ന ആവശ്യത്തിനേയും തര്‍ക്കത്തിനേയും കുറിക്കുന്ന പദമാണ് ഏകീകൃത സിവില്‍ കോഡ്. ഇത് വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളില്‍ പൊതുവായ നിയമം കൊണ്ടുവരാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇന്ത്യന്‍ ഭരണഘടയിലെ നിര്‍ദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയില്‍ ഏകീകൃത സിവില്‍ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയായി കണക്കാക്കുന്നു.
സമകാലീന ഭാരതത്തില്‍ മത-ജാതി അധിഷ്ഠിത വര്‍ഗ്ഗീകരണവും വ്യക്തി നിയമവും നിലനില്‍ക്കുന്നതിനാല്‍, ഒരു ഏകീകൃത സിവില്‍ നിയമം അത്യാവശ്യമാണ് എന്ന് ഇതിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.