മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ അംഗങ്ങളോട് സംസാരിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മണിപ്പൂരില്‍ കലാപം രൂക്ഷമാവുന്നതിനിടെ സ്ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിച്ച സംഭവം വലിയ പ്രതിഷേധങ്ങളിലേക്കാണ് നീങ്ങുന്നത്. ഇതിനിടെ മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ അംഗങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു. സഭയ്ക്കകത്തെത്തിയ പ്രധാനമന്ത്രി സോണിയ ഗാന്ധിയുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ അടുത്തെത്തി സംസാരിച്ചു. അതിനിടെ സോണിയ ഗാന്ധിയോട് ആരോഗ്യത്തെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു.
മണിപ്പൂരില്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി ലോക്സഭയും, രാജ്യസഭയും നിര്‍ത്തിവച്ചു. ലോക്സഭ 2 മണി വരെയും, രാജ്യസഭ 12 മണിവരെയുമാണ് നിര്‍ത്തിവച്ചത്. വിഷയത്തില്‍ ശാശ്വത പരിഹാരത്തിനായാണ് മോദിയുടെ നീക്കം.
അതേസമയം മണിപ്പൂര്‍ കലാപം തുടങ്ങി രണ്ട് മാസങ്ങള്‍ക്കു ശേഷമാണ് മൗനം വെടിഞ്ഞ് നരേന്ദ്ര മോദി രംഗത്തെത്തിയതെന്നും ആക്ഷേപമുണ്ട്. സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിലും കലാപത്തിലും മോദി പ്രതിഷേധം അറിയിച്ചു. പുറത്തുവരുന്ന ദൃശ്യങ്ങള്‍ അത്യന്തം വേദനാജനകമാണ്. കുറ്റവാളികളില്‍ ഒരാളെ പോലും വെറുതെ വിടില്ല. മണിപ്പൂരിലെ സംഭവങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും മോദി പറഞ്ഞു.
വിഷയം രാഷ്ട്രീയവത്ക്കരിക്കരുതെന്ന് എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കുന്നു. ഹൃദയത്തില്‍ വേദനയും ദേഷ്യവും ഉണ്ടാകുന്നു. നിയമം സര്‍വശക്തിയില്‍ പ്രയോഗിക്കും. മണിപ്പൂരിലെ പെണ്‍മക്കള്‍ക്കുണ്ടായ ദുരനുഭവം ഒരിക്കലും പൊറുക്കാനാവില്ല. പരിഷ്‌കൃത സമൂഹത്തെ നാണം കെടുത്തുന്ന സംഭവമാണ് മണിപ്പൂരിലുണ്ടായത്. സ്ത്രീകളുടെ സുരക്ഷയ്ക്കായി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് എല്ലാ മുഖ്യമന്ത്രിമാരോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏത് സംസ്ഥാനത്ത് നടന്നാലും ശക്തമായി അപലപിക്കപ്പെടേണ്ടതാണ്. രാഷ്ട്രീയത്തിലുപരിയായി എല്ലാവരുടെയും ഇടപെടല്‍ പ്രതീക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു.