‘ആരാണ് ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്ത്, ഞങ്ങള്‍ എന്ത് ചെയ്യണം’; അധിക്ഷേപവുമായി വിനായകന്‍

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകന്‍ ചോദിച്ചത്. ‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു.

അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മക്കറിയില്ലെ ഇയാള്‍ ആരോക്കെയാണെന്ന്’ – വിനായകന്‍ ലൈവില്‍ ചോദിച്ചു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് വലിച്ചിരുന്നു. എന്നാല്‍, അതിനകം വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടു. വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ ഉയര്‍ന്നിട്ടുള്ളത്.

താരത്തിന്റെ ഫേസ്ബുക്കിലെ മറ്റ് പോസ്റ്റുകള്‍ക്ക് താഴെ കമന്റുകള്‍ നിറയുന്നുണ്ട്. താരം പിന്നീട് ഈ വിഷയത്തില്‍ പ്രതികരണം ഒന്നും നടത്തിയിട്ടില്ല. അതേസമയം, സമാനതകളില്ലാത്ത അന്ത്യയാത്രയാണ് രാഷ്ട്രീയ കേരളം ഉമ്മന്‍ചാണ്ടിക്ക് നല്‍കി കൊണ്ടിരിക്കുന്നത്.

ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര, പൊതുദര്‍ശനം, സംസ്‌കാര ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് അവധിയെന്ന് ജില്ലാ കളക്ടര്‍ വി വിഘ്നേശ്വരി അറിയിച്ചു. ഉമ്മന്‍ചാണ്ടിയോടുള്ള ആദര സൂചകമായി, കോട്ടയം നഗരത്തിലെ മുഴുവന്‍ കടകളും ഇന്ന് അടച്ചിടുമെന്ന് കോട്ടയം മെര്‍ച്ചന്റ്സ് അസോസിയേഷനും അറിയിച്ചു. ഹോട്ടലുകള്‍, ബേക്കറികള്‍, മെഡിക്കല്‍ സ്റ്റോറികള്‍ എന്നിവ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങളാണ് അടച്ചിടുക.