ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചതിന് നടന്‍ വിനായകനെതിരെ കേസ്. എറണാകുളം നോര്‍ത്ത് പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിനായകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം പരാതികള്‍ പൊലീസിന് ഇന്ന് ലഭിച്ചിരുന്നു.

ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്സ്ബുക് ലൈവിലെത്തി വിനായകന്‍ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടന്‍ തന്നെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

”ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസമൊക്കെ, നിര്‍ത്തിയിട്ട് പോ, പത്രക്കാരോടാണു പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്തു ചെയ്യണം. നല്ലവനാണെന്നു നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാല്‍ നമ്മള്‍ക്കറിയില്ലേ ഇയാള്‍ ആരൊക്കെയാണെന്ന്” വിനായകന്റെ പരാമര്‍ശം.

ഇതിനിടെ, വിനായകന്റെ വീടിനുനേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അക്രമണം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ കെന്റ് ഹെയില്‍ ഗാര്‍ഡനിലെ ഫ്‌ലാറ്റിലെത്തിയ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫ്‌ലാറ്റിലെ ജനലിന്റെ ചില്ല് തല്ലിപ്പൊട്ടിക്കുകയും വാതില്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചക്ക് 3.30 ഓടെയാണ് സംഭവം.

അന്തരിച്ച മുന്‍മുഖ്യമന്ത്രിക്ക് ജയ് വിളിച്ചു കൊണ്ട് ഫ്‌ലാറ്റിനുള്ളിലേക്ക് കടന്ന് ചെന്ന് ജനലിന്റെ ചില്ല് തല്ലി തകര്‍ക്കുകയും വാതില്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസും ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്നാണ് ഇവരെ മാറ്റിയത്.