പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്

തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെ പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് അവസാനമായി പുതുപ്പള്ളിയിലെത്തി. അക്ഷര നഗരിയില്‍ ജനലക്ഷങ്ങളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയാണ് ഉമ്മന്‍ചാണ്ടി തന്റെ സ്വന്തം ജന്മനാടായ പുതുപ്പള്ളിയിലെത്തിയത്. തങ്ങളുടെ പ്രിയനേതാവിനെ കാണാന്‍ പതിനായിരക്കണക്കിന് ആളുകളാണ് പുതുപ്പള്ളിയിലെത്തിയത്. തറവാട്ടുവീട്ടിലെ പൊതുദര്‍ശനത്തിനും പ്രാര്‍ത്ഥനയ്ക്കും ശേഷം അദ്ദേഹത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്ത വീട്ടിലും പൊതുദര്‍ശനത്തിനായി എത്തിച്ചു. ഇവിടെയും അദ്ദേഹത്തിന് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. രാഹുല്‍ ഗാന്ധിയും ഇവിടെയെത്തി തങ്ങളുടെ പ്രിയനേതാവിന് പ്രണാമം അര്‍പ്പിച്ചു. തുടര്‍ന്നു വിലാപയാത്രയായി പുതുപ്പള്ളി വലിയപള്ളിയിലേക്ക് കൊണ്ടുപോയി. ഇവിടെയും പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരുന്നു. തുടര്‍ന്നു പ്രര്‍ത്ഥനകള്‍ക്കു ശേഷമാണ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കല്ലറയില്‍ അന്ത്യ വിശ്രമം ഒരുക്കുക. സംസ്‌കാര ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.

ആള്‍ക്കൂട്ടത്തെ ഏറെയിഷ്ടപ്പെട്ട ഉമ്മന്‍ചാണ്ടിയെ നേരവും കാലവും വകവെയ്ക്കാതെ അതേ ആള്‍ക്കൂട്ടം യാത്രയാക്കുന്നതിന് സാക്ഷിയാകുകയാണ് കേരളം. സംഘാടകരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് 28 മണിക്കൂറോളം സഞ്ചരിച്ചാണ് തിരുവനന്തപുരത്ത് നിന്ന് വിലാപയാത്ര തിരുനക്കര മൈതാനിയിലെത്തിയത്.

പൊരിവെയിലിലും അണമുറിയാത്ത ജനപ്രവഹമാണ് കോട്ടയം തിരുനക്കര മൈതാനിയിലേക്ക് ഒഴുകിയെത്തിയത്. മുദ്രാവാക്യം വിളികളുമായി പതിനായിരങ്ങള്‍ പ്രിയ നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇവിടേക്ക് എത്തി. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച്, 28 മണിക്കൂര്‍ പിന്നിട്ടാണ് യാത്ര തിരുനക്കരയില്‍ എത്തിയത്. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാര്‍, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം പതിനായിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ്, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ കടലായി അക്ഷരനഗരി മാറി.

തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസില്‍നിന്ന് ഇന്നലെ രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്. അര്‍ധരാത്രി കഴിഞ്ഞിട്ടും കത്തിച്ച മെഴുകുതിരിയുമായി വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ കാത്തുനിന്നത്. അര്‍ധരാത്രിയിലും പുലര്‍ച്ചെയും ആള്‍ക്കൂട്ടത്തിന് യാതൊരു കുറവും വന്നില്ല. തിരുവനന്തപുരത്തുനിന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊല്ലം ജില്ലയില്‍ പ്രവേശിച്ച യാത്ര, രാത്രി എട്ടരയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്കു കടന്നത്. വിലാപയാത്ര തിരുവനന്തപുരം നഗരത്തിനു പുറത്തു കടക്കാന്‍ മണിക്കൂറുകളെടുത്തു. 3.20 നു കൊല്ലം ജില്ലയില്‍ കടന്നപ്പോള്‍ നിലമേലില്‍ വന്‍ജനക്കൂട്ടം വരവേറ്റു. കൊട്ടാരക്കരയില്‍ ചൊവ്വാഴ്ച മുതല്‍ സര്‍വമത പ്രാര്‍ഥനയുമായി കാത്തിരുന്ന നാട്ടുകാര്‍ വിലാപയാത്രയെത്തിയപ്പോള്‍ വാഹനം പൊതിഞ്ഞു. പത്തനംതിട്ട ജില്ലയില്‍ കടന്നത് രാത്രി ഒന്‍പതോടെ. 11.30ന് അടൂരിലും പുലര്‍ച്ചെ രണ്ടു മണിയോടെ പന്തളത്തും എത്തിയപ്പോള്‍ വാഹനങ്ങള്‍ക്കു നീങ്ങാന്‍ കഴിയാത്ത വിധം ആള്‍ക്കൂട്ടം. മൂന്നു മണിയോടെ ചെങ്ങന്നൂരിലെത്തുമ്പോള്‍ ഉമ്മന്‍ ചാണ്ടിയെ അവസാനമായൊന്നു കാണാന്‍ ആളുകള്‍ തിരക്കുകൂട്ടി. തിരുവല്ലയില്‍ വച്ചു വീണ്ടും പത്തനംതിട്ട ജില്ലയുടെ അന്ത്യാഞ്ജലി. കോട്ടയം ജില്ലയിലേക്കു കടന്നപ്പോള്‍ ജനസമുദ്രമായി.

ചൊവ്വാഴ്ച പുലര്‍ച്ചെ 4.25ന് ബെംഗളൂരുവിലായിരുന്നു ഉമ്മന്‍ ചാണ്ടി (79) യുടെ വിയോഗം. ഏറെ നാളായി കാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യം മോശമായതിനെത്തുടര്‍ന്നു തിങ്കളാഴ്ച രാത്രി ഇന്ദിരാനഗറിലെ ചിന്‍മയ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ത്യ നിമിഷങ്ങളില്‍ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി, മറിയ, അച്ചു എന്നിവര്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.