ട്വിറ്ററിന്റെ പേരുമാറ്റി, ഇനി ‘എക്സ്’
ന്യൂഡല്‍ഹി: പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ ട്വിറ്ററിന്റെ പേരുമാറ്റി ഉടമ ഇലോണ്‍ മസ്ക്. ട്വിറ്റര്‍ ഇനി ‘ X’ എന്ന പേരിലാണ് അറിയപ്പെടുക. ലോഗോയും മാറ്റി. നീലപ്പക്ഷിക്ക് പകരം ‘ ‘X’ ആയിരിക്കും പുതിയ ലോഗോ എന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെ ഇലോണ്‍ മസ്ക് തന്നെയാണ് പ്രഖ്യാപനം നടത്തിയത്. ഇലോണ്‍ മസ്കിന്റെ അക്കൗണ്ടില്‍ പ്രൊഫൈലിന്റെ സ്ഥാനത്ത് എക്സ് ആണ് നല്‍കിയിരിക്കുന്നത്. കൂടാതെ കമ്പനിയുടെ ആസ്ഥാനം എക്സ് ലോഗോ കൊണ്ട് അലങ്കരിച്ചിരിക്കുന്ന വീഡിയോ മസ്ക് പങ്കുവെയ്ക്കുകയും ചെയ്തു.
കഴിഞ്ഞദിവസമാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ട്, ട്വിറ്റര്‍ റീബ്രാന്‍ഡ് ചെയ്യുമെന്ന് ഇലോണ്‍ മസ്ക് അറിയിച്ചത്. ഉടന്‍ തന്നെ ട്വിറ്റര്‍ അടിമുടി പരിഷ്കരിക്കുമെന്നായിരുന്നു മസ്കിന്റെ വാക്കുകള്‍. ചൈനയിലെ വീ ചാറ്റ് പോലെ ട്വിറ്ററിനെ മാറ്റാനാണ് ഇലോണ്‍ മസ്ക് ലക്ഷ്യമിടുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
‘ഉടന്‍ തന്നെ ഞങ്ങള്‍ ട്വിറ്റര്‍ ബ്രാന്‍ഡ് അടിമുടി പരിഷ്കരിക്കും, എല്ലാ പക്ഷികളോടും വിടപറയും, ഇന്ന് രാത്രി ‘x’ ലോഗോ പോസ്റ്റുചെയ്യുകയാണെങ്കില്‍, ഞങ്ങള്‍ നാളെ ലോകമെമ്പാടും തത്സമയമാക്കും’- മസ്കിന്റെ വാക്കുകള്‍.
ഏപ്രില്‍ മാസത്തില്‍ ട്വിറ്ററിന്റെ ലോഗോ താത്കാലികമായി മാറ്റിയിരുന്നു. ഡോഗ്കോയിനിലെ ഷിബ ഇനു നായയെയാണ് ലോഗോയാക്കി മാറ്റിയത്. ലോഗോ മാറ്റിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതിന് പിന്നാലെ വീണ്ടും പക്ഷിയെ തന്നെ പുനഃ സ്ഥാപിക്കുകയായിരുന്നു.
നിലവിലെ ലോഗോയുടെ സ്ഥാനത്ത് ‘X’ ആണ് മസ്കിന്റെ മനസില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞവര്‍ഷം ട്വിറ്റര്‍ വാങ്ങുമ്പോള്‍, കമ്പനിയെ എക്സ് കോര്‍പ്പറേഷനുമായി ലയിപ്പിക്കുകയാണ് ചെയ്തത്.