ചന്ദ്രയാന്‍ 3-ന്റെ അഞ്ചാം ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായി
ഇന്ത്യയുടെ അഭിമാന ചന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 ചന്ദ്രനോട് കൂടുതല്‍ അടുത്തു. അഞ്ചാം ഭ്രമണപഥം ഉയര്‍ത്തലും വിജയകരമായി നിര്‍വഹിച്ചതായി ഐ എസ് ആര്‍ ഒ അറിയിച്ചു. അടുത്ത മാസം ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം കടക്കും.
ഇപ്പോള്‍ പേടകം 127609 കിലോമീറ്റര്‍ x 236 കിലോമീറ്റര്‍ ഭ്രമണപഥത്തിലാണ്. ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രയാന്റെ അവസാന ഭ്രമണപഥമാണ് ഇത്. ഇനി ഒരു തവണ കൂടി ഭൂമിയെ ചുറ്റിയ ശേഷം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കുതിക്കും.
അടുത്ത മാസം ഒന്നിന് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ഐ എസ് ആര്‍ ഒ പൂര്‍ത്തിയാക്കും. രാത്രി പന്ത്രണ്ടിനും ഒരു മണിക്കും ഇടയിലായിരിക്കും ഇത്. അഞ്ചാം തീയതി ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം പേടകത്തെ പിടിച്ചെടുക്കും.
23ന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തും. ലാന്‍ഡര്‍, റോവര്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ എന്നിവയാണ് ചന്ദ്രയാന്‍-3ല്‍ ഉള്ളത്. ലാന്‍ഡറും റോവറും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുകയും 14 ദിവസം അവിടെ പരീക്ഷണം നടത്തുകയും ചെയ്യും.
പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തങ്ങി ഭൂമിയില്‍ നിന്ന് വരുന്ന വികിരണങ്ങളെ കുറിച്ച് പഠിക്കും. ചന്ദ്രോപരിതലത്തില്‍ ഭൂകമ്പങ്ങള്‍ എങ്ങനെ സംഭവിക്കുന്നുവെന്ന് ഐഎസ്ആര്‍ഒ ഈ ദൗത്യത്തിലൂടെ കണ്ടെത്തും.