ആര്‍ക്കും ഭൂരിപക്ഷമില്ലാതെ സ്പെയിനില്‍ തൂക്കുസഭ

മാഡ്രിഡ്: സ്പാനിഷ് പൊതുതെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലെന്നു റിപ്പോര്‍ട്ട്. 350 അംഗ പാര്‍ലമെന്റില്‍ 136 സീറ്റുകളുമായി ഒന്നാമതെത്തിയ പ്രതിപക്ഷ പോപ്പുലര്‍ പാര്‍ട്ടി (പിപി) നേതാവ് ആല്‍ബെര്‍ട്ടോ നൂനെസ് ഫ്രെയ്‌ഹോ വിജയം അവകാശപ്പെപ്പെട്ടന്നു ആനത്തര്‍ ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഭൂരിപക്ഷത്തിനുവേണ്ട 176 പേരുടെ പിന്തുണ ആര്‍ജിക്കാന്‍ അദ്ദേഹത്തിനു കഴിയില്ലെന്നാണു പുറത്ത് വരുന്ന വിവരം.

പ്രധാനമന്ത്രി പെദ്രോ സാഞ്ചസിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടി 122 സീറ്റുകളുമായി രണ്ടാമതുണ്ട്. വരും ദിവസങ്ങളില്‍ കക്ഷികള്‍ തമ്മില്‍ നടക്കുന്ന ചര്‍ച്ച സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും.

ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ ഫ്രെയ്‌ഹോയ്ക്കു സര്‍ക്കാര്‍ രൂപീകരിക്കാന്‍ രണ്ടു മാസത്തെ സമയം ലഭിക്കും. തീവ്ര വലതുപക്ഷമായ വോസ് പാര്‍ട്ടി ഫ്രെയ്‌ഹോയ്ക്കു പിന്തുണ നല്കിയേക്കും. ഇവര്‍ക്ക് 33 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇരു പാര്‍ട്ടികള്‍ ചേര്‍ന്നാലും ഭൂരിപക്ഷത്തിന് ഏഴു പേരുടെ കുറവുണ്ടാകും.

സര്‍ക്കാരുണ്ടാക്കാന്‍ ഫ്രെയ്‌ഹോ പ്രധാനമന്ത്രി സാഞ്ചസിന്റെ പിന്തുണ തേടിയേക്കുമെന്ന സൂചനയുണ്ട്. എന്നാല്‍, സോഷ്യലിസ്റ്റ് വിരുദ്ധ നിലപാടുകള്‍ പുലര്‍ത്തുന്ന ഫ്രെയ്‌ഹോയെ സാഞ്ചസ് പിന്തുണയ്ക്കാന്‍ സാധ്യതയില്ല. രണ്ടു മാസത്തിനകം സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടില്ലെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പിനു സാധ്യതയുണ്ട്.

നിര്‍ണായക തെരഞ്ഞെടുപ്പ് ആയിരുന്നതിനാല്‍ 40 ഡിഗ്രി വരെ രേഖപ്പെടുത്തിയ ചൂട് അവഗണിച്ചും ജനങ്ങള്‍ ഞായറാഴ്ച പോളിംഗ് ബൂത്തിലെത്തി. 70 ശതമാനമാണു പോളിംഗ്.