‘ലങ്കന്‍ മോഡല്‍ ഭീകരാക്രമണ പദ്ധതി കേരളത്തില്‍’; ആരാധനാലയങ്ങളും സമുദായ നേതാക്കളെയും ഭീകരര്‍ ലക്ഷ്യംവച്ചു; എന്‍ഐഎ

ഭീകര സംഘടനയായ ഐ എസ് കേരളത്തില്‍ ശ്രീലങ്കന്‍ മോഡല്‍ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ടെന്ന് എന്‍ഐഎ. ആരാധനാലയങ്ങളും സമുദായ നേതാക്കളെയും ഭീകരര്‍ ലക്ഷ്യം വച്ചുവെന്നും എന്‍ഐഎയുടെ കണ്ടെത്തല്‍. ഭീകരവാദ ഫണ്ട് കേസില്‍ അറസ്റ്റിലായ പ്രതികളാണ് പദ്ധതി തയ്യാറാക്കിയത്. ആരാധനാലങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതി ഇട്ടിരുന്നു.

ടെലിഗ്രാം വഴിയാണ് ഇവര്‍ ആശയ വിനിമയം നടത്തിയതെന്നും എന്‍ ഐ എ കണ്ടെത്തി. ഇതിനുവേണ്ട രഹസ്യ നീക്കങ്ങള്‍ ഇവര്‍ ആസൂത്രണം ചെയ്‌തെന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്താനായിരുന്നു ഇവരുടെ പ്രധാന ശ്രമം.ഭീകരാക്രമണങ്ങള്‍ക്കുവേണ്ടി ഫണ്ട് സ്വരൂപിക്കാന്‍ ഇവര്‍ ബാങ്ക് കൊള്ളയടക്കം ആസൂത്രണം ചെയ്തിരുന്നതായും എന്‍.ഐ.എ. പറയുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സ്വരൂപണത്തില്‍ എന്‍.ഐ.എ. കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ്.

‘പെറ്റ് ലവേഴ്‌സ്’ എന്ന ടെലഗ്രാം ഗ്രൂപ്പ് വഴിയായിരുന്നു ഇവര്‍ ആശയവിനിമയം നടത്തിയിരുന്നതെന്നാണ് എന്‍.ഐ.എ.യുടെ കണ്ടെത്തല്‍. ഇവരുടെ സംഘത്തെ പിടികൂടാന്‍ കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ മൂന്നിടത്തും പാലക്കാട് ഒരിടത്തും എന്‍.ഐ.എ. പരിശോധന നടത്തിയിരുന്നു. സംഘത്തലവനായ ആഷിഫിനെ തമിഴ്‌നാട് സത്യമംഗലം കാട്ടില്‍നിന്നാണ് പിടികൂടിയത്.എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതിയെ എന്‍.ഐ.എ. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.