ഓസ്ട്രിയന്‍ ദേശിയ സ്‌കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി കുട്ടികള്‍ ഉള്‍പ്പെട്ട ടീമിന് രണ്ടാം സ്ഥാനം

വിയന്ന: ഓസ്ട്രിയയിലെ ഹൈസ്‌കൂളുകള്‍ക്ക് വേണ്ടി ദേശീയതലത്തില്‍ സംഘടിപ്പിച്ച ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി കുട്ടികള്‍ ഉള്‍പ്പെട്ട ടീം റണ്ണര്‍ അപ്പ് ആയി. നിലവിലെ വിയന്ന സംസ്ഥാന ജേതാക്കളാണ് സമ്മാനം ലഭിച്ച ടീം.

വിയന്നയിലെ സേക്രഡ് ഹാര്‍ട്ട് പ്രൈവറ്റ് സ്‌കൂളിലെ വിദ്യാര്‍ഥിനികളായ റേയ കുര്യന്‍, ജോലീന്‍ ആന്റണി എന്നിവരാണ് വിയന്ന സംസ്ഥാനത്തെ പ്രതിനിധികരിച്ചു പങ്കെടുത്ത നാലംഗ ടീമിലെ മലയാളി സാന്നിധ്യം. ഇരുവരും കൈരളി നികേതന്‍ മലയാളം സ്‌കൂളില്‍ ചെസ് പരിശീലിക്കുന്നവരാണ്. ഓസ്ട്രിയയിലെ 9 സംസ്ഥാനങ്ങളിലെ സ്‌കൂളുകളില്‍ നടന്ന മത്സരങ്ങളില്‍ നിന്നും വിജയികളായ ഓരോ ടീമുകളാണ് ബുര്‍ഗന്‍ലാന്റില്‍ സംഘടിപ്പിച്ച ദേശീയചാമ്പ്യന്‍ഷിപ്പില്‍ ഏറ്റുമുട്ടിയത്.

അന്താരാഷ്ട്ര ചെസ് മത്സരങ്ങളിലെ അതെ നിയമങ്ങള്‍ക്ക് വിധേയമായി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ ഓരോ ടീമും നിരവധി റൗണ്ട് മത്സരങ്ങള്‍ മൂന്ന് ദിസങ്ങളിലായി കളിക്കണം. ഏറ്റവും കൂടുതല്‍ പോയിന്റ് നേടി തിരോള്‍ സംസ്ഥാനം ഒന്നാം സ്ഥാനം നേടിയപ്പോള്‍, ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണ് വിയന്നയ്ക്ക് ഒന്നാം സ്ഥാനം കൈവിട്ടു പോയത്. ഇത് ആദ്യമാണ് മലയാളികള്‍ ഒരു സംസ്ഥാനത്തെ പ്രതിനിധികരിച്ച് ദേശിയ ചാമ്പിയന്‍ഷിപ്പില്‍ വിജയം നേടുന്നത്.