അഫ്സാന നൗഷാദ് കേസില്‍ വന്‍ ട്വിറ്റ്; മരിച്ചെന്നു കരുതിയ ആള് ജീവനോടെ
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിന്റെ തിരോധാന കേസില്‍ വന്‍ വഴിത്തിരിവ്. നൗഷാദിനെ ജീവനോടെ കണ്ടെത്തി. തൊമ്മന്‍കുത്ത് ഭാഗത്ത് നിന്നുമാണ് നൗഷാദിനെ കണ്ടെത്തിയത് എന്നാണ് സൂചന. നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു.
2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുന്‍പ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, അഫ്സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍, ഒന്നരവര്‍ഷം മുന്‍പ് പറക്കോട് പരുത്തിപ്പാറയില്‍ വാടകയ്ക്ക് താമസിക്കുമ്പോള്‍ നൗഷാദിനെ തലക്കടിച്ച് കൊന്നു എന്ന് അഫ്സാന പൊലീസിനോട് പറഞ്ഞു. വീട്ടുവഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം എന്നായിരുന്നു ഇവരുടെ മൊഴി.
ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ അഫ്സാനയുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. തെളിവ് നശിപ്പിക്കല്‍, പൊലീസിനെ കബളിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിലവില്‍ അഫ്സാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൊഴിയുടെ അസ്ഥാനത്തില്‍ പൊലീസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉള്‍പ്പെടുന്ന പ്രദേശത്ത് പരിശോധനയും നടത്തിയിരുന്നു.