ഒഐസിസി യുഎസ്എ_സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം സം ഘടിപ്പിച്ചു
പി.പി.ചെറിയാന്‍
സാന്‍ഫ്രാന്‍സിസ്‌കോ: ജനഹൃദയങ്ങള്‍ കീഴടക്കിയ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എയുടെ (ഒഐസിസി യൂഎസ്എ) സാന്‍ഫ്രാന്‍സിസ്‌കോ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തി.
ജൂലൈ 23 നു ഞായറാഴ്ച വൈകുന്നേരം വൈസ് പ്രസിഡണ്ട് തോമസ് പട്ടരുമഡിന്റെ ഭവനാങ്കണത്തില്‍ കൂടിയ സമ്മേളനം സാന്‍ഫ്രാന്‍സിസ്‌കോയിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഉമ്മന്‍ ചാണ്ടി ചേര്‍ത്ത് പിടിച്ചവരും, ഉമ്മന്‍ ചാണ്ടിയെ ചേര്‍ത്ത് പിടിച്ചവരും പിടിച്ചവരുമായിരുന്നു പ്രസംഗകരില്‍ ഭൂരിഭാഗവും.
സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് അന്തരിച്ച നേതാവിനോടുള്ള ആദര സൂചകമായി മൗനമാചരിച്ചു.
ചാപ്റ്റര്‍ പ്രസിഡണ്ട് അനില്‍ ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. താന്‍ കെ എസ് യു പ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സമയം മുതല്‍ ഉമ്മന്‍ ചാണ്ടിയുമായുള്ള അടുത്ത ബന്ധം അനില്‍ മാത്യു എടുത്തു പറഞ്ഞു.
ഒരു വിശുദ്ധനെ പോലെ പോലെ ജീവിച്ച, എല്ലാവരെയും ഒരുപോലെ സ്‌നേഹിച്ച് എല്ലാവരോടും സ്‌നേഹത്തിന്റെ ഭാഷയില്‍ പ്രതികരിച്ചിരുന്ന, യേശുക്രിസ്തുവിന്റെ പാത പിന്തുടര്‍ന്ന ഒരു ജനനേതാവായിരുന്നു നമ്മോടു വിട പറഞ്ഞതെന്ന് പുതുപ്പള്ളി സ്വദേശി സ്വദേശി കൂടിയായ, ഉമ്മന്‍ ചാണ്ടിയെ അടുത്തറിഞ്ഞ റവ. ഫാ. തോമസ് മത്തായി (മനീഷ് അച്ചന്‍) പറഞ്ഞു.
ചാപ്റ്റര്‍ ഭാരവാഹികളായ വൈസ് പ്രസിഡന്റുമാരായ തോമസ് പട്ടര്‍മഡ്, ബിനോയ് ജോര്‍ജ്, ട്രഷറര്‍ സജി ജോര്‍ജ്, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ടോം തരകന്‍, ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി ജോഷ് കോശി, പി.ഓ.ജോണ്‍, രഞ്ജി മുപ്പത്തിയില്‍, തങ്കമ്മ തോമസ്, ഡെയ്‌സി മാത്യു തുടങ്ങിയവരും അനുശോചനം അറിയിച്ചു. ജാതി മത വര്‍ഗ രാഷ്ട്രീയ ഭേദമെന്യേ എല്ലാ ജനങ്ങളേയും കാരുണ്യ പൂര്‍വം ചേര്‍ത്ത് പിടിച്ച ജന നായകന്റെ വേര്‍പാടില്‍ എല്ലാവരും അഗാധമായ ദുഃഖം അറിയിച്ചു.