നീലാകാശത്തിന് കീഴില്‍ നീലപ്പടയായി പുന്നമടക്കായലില്‍ കന്നി അങ്കത്തിനായി തലവടി ചുണ്ടന്‍
ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള
തലവടി: ആലപ്പുഴ നെഹ്റു ട്രോഫി ജലോത്സവത്തില്‍ കന്നി അങ്കത്തിനായി തലവടി ചുണ്ടന്‍ പുന്നമട കായലില്‍ പരിശീലനം ആരംഭിച്ചു. 2023 പുതുവത്സരദിനത്തില്‍ നീരണിഞ്ഞ തലവടി ചുണ്ടന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച സ്വീകരണത്തിന് ശേഷം തിരികെ താത്ക്കാലിക മാലിപ്പുരയില്‍ കഴിഞ്ഞ 6 മാസമായി സുഖചികിത്സയിലായിരുന്നു.
റവ.ഏബ്രഹാം തോമസ്, ബ്രഹ്‌മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന എന്നിവര്‍ രക്ഷാധികാരികളും കെ.ആര്‍.ഗോപകുമാര്‍ (പ്രസിഡന്റ്), അരുണ്‍ പുന്നശ്ശേരി, പി.ഡി രമേശ് കുമാര്‍ (വൈസ് പ്രസിഡന്റ്‌സ്), ജോജി ജെ വയലപ്പള്ളി (സെക്രട്ടറി), ബിനോയി തോമസ് (ജോ. സെക്രട്ടറി), ഏബ്രഹാം പീറ്റര്‍ പാലത്തിങ്കല്‍ (ട്രഷറാര്‍), ഷിക്കു അമ്പ്രയില്‍, ജോമോന്‍ ചക്കാലയില്‍ (ടീം കോര്‍ഡിനേറ്റേഴ്‌സ്) അജിത്ത് പിഷാരത്ത്, ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള (മീഡിയ കോര്‍ഡിനേറ്റര്‍) ഷിനു എസ് പിള്ള, ബിജു കുര്യന്‍, സിറിള്‍ സി.സഖറിയ (മാര്‍ക്കറ്റിംങ്ങ് കോര്‍ഡിനേറ്റേഴ്‌സ്) എന്നിവരടങ്ങിയ 30 അംഗ കമ്മിറ്റിയാണ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് .
തലവടി ചുണ്ടന്‍ ഓവര്‍സീസ് ഫാന്‍സ് അസോസിയേഷന്‍, തലവടി ചുണ്ടന്‍ ഫാന്‍സ് അസോസിയേഷന്‍ എന്നിവരുടെ കൂട്ടായ സഹകരണത്തോടെയാണ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നത്.
റിക്‌സണ്‍ എടത്തിലിന്റെ ക്യാപ്റ്റന്‍സിയില്‍ തലവടി ടൗണ്‍ ബോട്ട് ക്ലബ് കന്നി അങ്കത്തില്‍ തന്നെ ട്രോഫി നേടാനാകുമെന്ന വലിയ പ്രതീക്ഷയില്‍ ആണ് തലവടി ഗ്രാമം. 2022 ഏപ്രില്‍ 14ന് ആണ് 120-ല്‍ അധികം വര്‍ഷം പഴക്കമുള്ള തടി കുറുവിലങ്ങാട്ട് നിന്നും തലവടിയില്‍ എത്തിച്ചത്.കോയില്‍മുക്ക് സാബു നാരായണന്‍ ആചാരിയുടെ നേതൃത്വത്തില്‍ ഉളികുത്ത് കര്‍മ്മം ഏപ്രില്‍ 21ന് നടന്നു. നീരേറ്റുപുറം പമ്പ ബോട്ട് റേസ് ഫിനിഷിങ്ങ് പോയിന്റില്‍ ഡോ.വര്‍ഗ്ഗീസ് മാത്യംവിന്റെ പുരയിടത്തില്‍ താത്കാലികമായി ഉള്ള മാലിപ്പുരയില്‍ വെച്ചാണ് തലവടി ചുണ്ടന്‍ വളളം നിര്‍മ്മിച്ചത്.127 അടി നീളവും 52 അംഗുലം വീതിയും 18 അംഗുലം ഉള്‍താഴ്ചയും ഉള്ളതാണ്. 83 തുഴച്ചില്‍ക്കാരും 5 പങ്കായകാരും, 9 നിലക്കാരും ഉള്‍പ്പെടെ 97 പേര്‍ക്ക് കയറുവാന്‍ സാധിക്കും.