മണിപ്പൂരില്‍ ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്ന് ബോംബെ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഓസ്വാള്‍ഡ്

മുംബൈ: മണിപ്പൂരില്‍ നടക്കുന്നത് ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലുള്ള സംഘര്‍ഷമല്ലെന്നും അത് രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും ബോംബെ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. ”പള്ളികളും ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അവ പുനര്‍നിര്‍മിക്കാന്‍ ഞങ്ങള്‍ ആവശ്യമായ സഹായം ചെയ്യും”, എന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരില്‍ സംഭവിച്ചതും സംഭവിക്കുന്നതുമായ എല്ലാ കാര്യങ്ങളും ഏറെ വേദനാജനകമാണെന്ന് വീഡിയോ പ്രസ്താവനയില്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. അതിന് ചിലര്‍ മതപരമായ മാനങ്ങള്‍ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിപ്പൂരില്‍ നടക്കുന്നത് മതങ്ങള്‍ തമ്മിലുള്ള സംഘട്ടനമല്ല, മറിച്ച് ചരിത്രപരമായി പരസ്പരം ശത്രുത പുലര്‍ത്തുന്ന രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്നും കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു.

‘പല കാരണങ്ങള്‍ കൊണ്ട് മണിപ്പൂര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. നിരവധി അക്രമ സംഭവങ്ങള്‍ സംസ്ഥാനത്ത് അരങ്ങേറി. നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. ധാരാളം പേരുടെ സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടു. എന്നാല്‍ ഈ സംഭവം മാധ്യമങ്ങളില്‍ എങ്ങനെ അവതരിപ്പിക്കപ്പെട്ടു എന്നതില്‍ ഞങ്ങള്‍ക്ക് സങ്കടമുണ്ട്. ഇന്ത്യയില്‍ ഇത് സംഭവിച്ചു എന്നതില്‍ നമ്മള്‍ ലജ്ജിച്ചു തല താഴ്ത്തണം”, കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു.

സര്‍ക്കാര്‍ ഈ വിഷയത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഈ രാജ്യത്ത് ഇത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സിബിസിഐ (കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) പ്രസിഡന്റുമായി താന്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നതായും സംഘടനയ്ക്കും സഭയ്ക്കും മണിപ്പൂരില്‍ എങ്ങനെ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയും എന്നതിനെക്കുറിച്ച് സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.

ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്, ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലൂമണ്‍ തുടങ്ങിയവരുമായെല്ലം ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു എന്നും അതിനു ശേഷമാണ് ഈ വീഡിയോ സന്ദേശം പുറത്തിറക്കിയത് എന്നും കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു.
”ഇത് ഗോത്ര വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ്, ചരിത്രപരമായി നോക്കിയാല്‍, പരസ്പരം ശത്രുത പുലര്‍ത്തി വന്നിരുന്നവരാണ് ഇവര്‍. ഇപ്പോള്‍ പാസാക്കിയ ചില നിയമങ്ങള്‍ അക്രമത്തിലേക്ക് നയിച്ചു. അതിന് മതപരമായ മാനങ്ങള്‍ ചിലര്‍ നല്‍കിയിട്ടുണ്ടെങ്കിലും അതൊരു മത സംഘര്‍ഷമല്ല”, എന്നും കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു. മണിപ്പൂരിലെ സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്നും ബിഷപ്പ് ജനങ്ങളോട് ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ ആരും ഒന്നും ചെയ്യരുതെന്നും ഐക്യവും സമാധാനവും കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരിന്റെ സമാധാനത്തിനായും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായും സംഭാവന നല്‍കണം എന്നും കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇതിനായി ഓഗസ്റ്റ് 12, 13 തീയതികളില്‍ പ്രത്യേക യോഗം സംഘടിപ്പിക്കുകയും സംഭാവന സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും മണിപ്പൂരിനായി പ്രാര്‍ത്ഥിക്കണമെന്നും കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആവശ്യപ്പെട്ടു.