മോന്‍സന്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പ് കേസ്; മുന്‍ ഡിഐജിയെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ മുന്‍ ഡിഐജി എസ് സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നടത്തിയ ഇടപെടലിലും സാമ്പത്തിക നേട്ടത്തിലും അന്വേഷണം നടക്കും. സുരേന്ദ്രന്റെ വീട്ടില്‍ വച്ച് മോന്‍സന് 25 ലക്ഷം കൈമാറിയെന്ന പരാതിക്കാരന്റെ മൊഴിയില്‍ അടക്കം വ്യക്തത തേടുന്നതിനാണ് ചോദ്യം ചെയ്യുന്നത്.

കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനേയും, ഐ ജി ജി ലക്ഷ്മണിനേയും മുന്‍ ഡിഐജി സുരേന്ദ്രനേയും ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിട്ടുണ്ട്. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപറ്റാന്‍ ദില്ലിയിലെ തടസങ്ങള്‍ നീക്കാന്‍ കെ.സുധാകരന്‍ ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോന്‍സണ്‍ വഞ്ചിച്ചുവെന്നും കെ സുധാകരന്‍ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്. മോന്‍സണ്‍ മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്സോ കേസ് അന്വേഷിച്ച ഡിവൈഎസ്പി വൈ.ആര്‍.റസ്റ്റമാണ് സാമ്പത്തിക തട്ടിപ്പും അന്വേഷിക്കുന്നത്.

അതേ സമയം, 17 കാരിയെ പീഡിപ്പിച്ച കേസില്‍ മോണ്‍സന്‍ മാവുങ്കലിന് മരണം വരെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. സ്വന്തം വീട്ടിലെ ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചതിനും, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതിനും, 18 വയസിന് ശേഷം തുടര്‍ന്നും പീഡിപ്പിച്ചതിനുമാണ് എറണാകുളം പോക്സോ കോടതി മോന്‍സന് കടുത്ത ശിക്ഷ വിധിച്ചത്. 2019 ജൂലൈ മാസമാണ് വീട്ടുജോലിക്കാരിയുടെ മകളെ സ്വന്തം വീട്ടില്‍ വച്ച് മോന്‍സന്‍ പീഡിപ്പിക്കുന്നത്.

തുടര്‍ പഠനം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയുമായിരുന്നു പീഡനം. പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞതിന് ശേഷവും പീഡനം തുടര്‍ന്നു. 2021 സെപ്റ്റംബറില്‍ പുരാവസ്തു തട്ടിപ്പ് കേസില്‍ മോണ്‍സണ്‍ അറസ്റ്റിലായതോടെയാണ് പെണ്‍കുട്ടി പരാതി നല്‍കുന്നത്.