മൂവാറ്റുപുഴയിലെ വിദ്യാര്‍ഥിനിയുടെ മരണത്തിനിടയാക്കിയ ബൈക്കപകടം; പ്രതിക്ക് ലൈസന്‍സ് ഇല്ലെന്ന് എംവിഡി
കൊച്ചി: മൂവാറ്റുപുഴ നിര്‍മല കോളേജ് വിദ്യാര്‍ഥിനി നമിതയുടെ മരണത്തിന് ഇടയാക്കിയ ബൈക്ക് അപകടക്കേസിലെ പ്രതി ആന്‍സണ്‍ റോയിക്ക് ലൈസന്‍സോ ലേണേഴ്സോ ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ബൈക്കിന്റെ വിശദമായ പരിശോധന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തി.
മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരുന്ന പള്‍സര്‍ എന്‍.എസ്. 200 ബൈക്കിന്റെ പരിശോധനയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് നടത്തിയത്.
രൂപമാറ്റം വരുത്തിയ നിലയിലാണ് വാഹനം ഉള്ളതെന്ന് പരിശോധനയില്‍ കണ്ടെത്തി. സൈലന്‍സര്‍ ഘടിപ്പിക്കാത്ത നിലയിലും വാഹനത്തിന്റെ രണ്ട് കണ്ണാടികളും ഊരിമാറ്റി നിലയിലുമായിരുന്നു ബൈക്ക്. കൂടാതെ ഇടിയുടെ ആഘാതത്തില്‍ ബ്രേക്കുകള്‍ രണ്ടും ജാം ആവുകയും വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലുമാണ്. മീറ്റര്‍ ബോര്‍ഡുകള്‍ അടക്കം മുന്‍ഭാഗം തകര്‍ന്ന നിലയിലും ആണ്. ക്രാഷ് കാര്‍ഡ് ഘടിപ്പിക്കാത്തതും ഇടിയുടെ ആഘാതം വര്‍ധിപ്പിച്ചെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.