സിറോ മലബാര്‍ യൂത്ത് സംഗമം പോര്‍ച്ചുഗലില്‍
ലിസ്ബണ്‍: സിറോ മലബാര്‍ യുവജന സമ്മേളനം ലിസ്ബണിന് സമീപമുള്ള ലീറിയ-ഫാത്തിമ രൂപതയിലെ മിന്‍ഡെയില്‍ ലോക യുവജന സംഗമത്തിന് അനുബന്ധമായി തുടങ്ങി. സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രതിനിധി മാര്‍ ബോസ്‌കോ പൂത്തൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ലോക യുവജന സംഗമത്തിനും ഡേയ്സ് ഇന്‍ ദി ഡയോസിസിന്റെ ഭാഗവുമായി സീറോമലബാര്‍ കത്തോലിക്കാ യുവജനങ്ങള്‍ പോര്‍ച്ചുഗലിലെ പ്രാദേശിക രൂപതകളില്‍ ഒത്തുകൂടുകയും അവിടുത്തെ കുടുംബങ്ങളോടൊപ്പം താമസിക്കുകയും സംസ്‌കാരിക വിശ്വാസ കാര്യങ്ങള്‍ പഠിക്കുകയും ചെയ്യും. സംഗമത്തിന്റെ ഭാഗമായി ജൂലൈ 28-ാം തീയതി മിന്‍ഡെയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള പരിശുദ്ധ കന്യകാ മറിയത്തിന്റെ ഫാത്തിമയിലെ തീര്‍ഥാടനകേന്ദ്രത്തിലേക്ക് യുവജനങ്ങള്‍ നടന്നെത്തി.
ജൂലൈ 26 മുതല്‍ 31 വരെ അമേരിക്കയിലെ ഷിക്കാഗോ, കാനഡയിലെ മിസിസാഗ, ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍, ഗ്രേറ്റ് ബ്രിട്ടന്‍ എന്നീ സിറോ മലബാര്‍ രൂപതകളില്‍നിന്നും യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്‌തോലിക് വിസിറ്റേഷനില്‍നിന്നും 200ലധികം പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ആത്മീയ ശുശ്രൂഷകള്‍ക്കൊപ്പം സംവാദങ്ങളും ചര്‍ച്ചകളും ക്ലാസുകളും സംസ്‌ക്കാരിക പരിപാടികളും സംഗമത്തില്‍ ഉണ്ടാകും.
ഷിക്കാഗോ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, മിസിസാഗ മെത്രാന്‍ മാര്‍ ജോസ് കല്ലുവേലില്‍, ഗ്രേറ്റ് ബ്രിട്ടന്‍ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, സോജിന്‍ സെബാസ്റ്റ്യന്‍, ഫാ. പോള്‍ ചാലിശ്ശേരി, ഫാ. ബിനോജ് മുളവരിക്കല്‍, ഫാ. ജോജോ ചങ്ങനാംതുണ്ടത്തില്‍, ഫാ. ഫാന്‍സുവ പത്തില്‍, ഫാ. മെല്‍വിന്‍ മംഗലത്ത്, ഫാ. സെബാസ്റ്റ്യന്‍ എസ്. വി. ഡി., തുടങ്ങിയവര്‍ ഫെസ്റ്റിവലിന് നേതൃത്വം നല്‍കുന്നു.