അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ മണിപ്പൂരില്‍ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മണിപ്പൂരില്‍ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. മ്യാന്‍മറില്‍ നിന്ന് അനധികൃതമായി കുടിയേറിയവരുടെ വിവരങ്ങള്‍ ശേഖരിക്കാനാണ് നിര്‍ദേശം. സെപ്തംബറിനകം ക്യാമ്പെയിന്‍ പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം.

സംസ്ഥാനത്തുള്ള എല്ലാ അനധികൃത മ്യാന്‍മര്‍ കുടിയേറ്റക്കാരുടെയും ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി എല്ലാ ജില്ലകളിലും ക്യാമ്പയിന്‍ തുടരും. ക്യാമ്പെയിനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സഹായിക്കാന്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ സംഘത്തെ നിയോഗിച്ചു.

നേരത്തെ മ്യാന്‍മറില്‍ നിന്നുള്ള കുടിയേറ്റക്കാര്‍, പോപ്പി കൃഷി, മയക്കുമരുന്ന് കച്ചവടം തുടങ്ങിയവ വ്യാപകമായി നടത്തുന്നുണ്ടെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് ആരോപിച്ചിരുന്നു. 24 പുരുഷന്മാരും 74 സ്ത്രീകളും 6 കുട്ടികളും ഉള്‍പ്പെടെ 104 അനധികൃത കുടിയേറ്റക്കാരെയാണ് തടങ്കല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പാര്‍പ്പിച്ചിരിക്കുന്നത്. ജൂലൈയില്‍ മാത്രം എഴുന്നൂറോളം അനധികൃത കുടിയേറ്റക്കാര്‍ സംസ്ഥാനത്തെത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.