ഓങ് സാന്‍ സൂ ചിയ്ക്ക് മാപ്പു നല്‍കിയതായി മ്യാന്‍മറിലെ പട്ടാള ഭരണകൂടം
മ്യാന്‍മറില്‍ പട്ടാളം പുറത്താക്കിയ മുന്‍ഭരണാധികാരി ഓങ് സാന്‍ സൂ ചിയ്ക്ക് മാപ്പു നല്‍കുന്നുവെന്ന് മ്യാന്‍മര്‍ ഭരണകൂടം. ബുദ്ധമത ആഘോഷങ്ങളുടെ ഭാഗമായി 7000 തടവുകാര്‍ക്ക് പൊതുമാപ്പു നല്‍കുന്നതിന്റെ ഭാഗമായാണ് സൂ ചിയ്ക്കും മാപ്പു നല്‍കുന്നതെന്നാണ് മ്യാന്‍മര്‍ മാധ്യമങ്ങള്‍ അറിയിച്ചത്. സൂ ചിയ്ക്ക് ശിക്ഷ വിധിച്ച കേസുകളിലാണ് മാപ്പ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.
രണ്ടു വര്‍ഷമായി തടവില്‍ തുടരുന്ന സൂ ചിയെ ഉടന്‍ മോചിപ്പിച്ചേക്കുമെന്നാണ് വിവരം. സൂ ചിയുടെ കൂട്ടാളിയും സൂ ചിയുടെ ഭരണ സമയത്ത് രാജ്യത്തിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച വിന്‍ മിന്റിനും മാപ്പു നല്‍കുമെന്നും പട്ടാള ഭരണകൂടം അറിയിച്ചു. 2021 ഫെബ്രുവരി 1നു പട്ടാളഅട്ടിമറി നടന്ന ദിവസം മുതല്‍ സൂ ചി ഏകാന്തതടവിലാണ്. കഴിഞ്ഞ ആഴ്ച ജയിലില്‍ നിന്ന് പട്ടാള ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള വീട്ടിലേക്ക് മാറ്റിയിരുന്നു. അവിടെ വീട്ടു തടങ്കലില്‍ തുടരുന്നതിനിടെയാണ് ഇപ്പോള്‍ മാപ്പു നല്‍കിയതായി അറിയിച്ചത്. 1991ലെ നൊബേല്‍ ജേതാവായ സൂ ചിക്കെതിരെ അഴിമതി,രാജ്യദ്രോഹം അടക്കം 18 കേസുകളാണു പട്ടാളഭരണകൂടം ചുമത്തിയിട്ടുള്ളത്.