അന്യ സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിനൊരുങ്ങി പൊലീസ്
തിരുവനന്തപുരം: കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ സമഗ്ര വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി പൊലീസ്. ഓരോ സ്റ്റേഷന്‍ പരിധിയിലുമുള്ളവരുടെ കണക്കെടുക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്ത്കുമാര്‍ നിര്‍ദേശം നല്‍കി. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാനായി പ്രത്യേക പെര്‍ഫോമ തയ്യാറാക്കും. പൊലീസ് ക്യാമ്പുകളില്‍ നേരിട്ടെത്തിയും വിവരം ശേഖരിക്കും. മുമ്പ് പല തവണ വിവരശേഖരണം നടത്തിയെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല.
ആലുവയില്‍ അഞ്ച് വയസ്സുകാരിയെ അതിഥി തൊഴിലാളി ക്രൂരമായി കൊലപ്പെടുത്തിയ സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി നിയമനിര്‍മ്മാണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കേന്ദ്ര കുടിയേറ്റ നിയമത്തിലെ വ്യവസ്ഥകള്‍ തൊടാതെയായിരിക്കും നിയമനിര്‍മ്മാണം. കൃത്യമായ കണക്കുകള്‍ ശേഖരിക്കുന്നതില്‍ ഇപ്പോഴും തടസ്സങ്ങളുണ്ട്. ഓണത്തിന് മുമ്പ് അതിഥി ആപ്പ് പ്രവര്‍ത്തനം തുടങ്ങും. ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ഓരോ തൊഴിലാളിയുടെയും വിവരങ്ങള്‍ ശേഖരിക്കും. ഏതു സംസ്ഥാനത്തു നിന്നാണോ വരുന്നത് അവിടെത്തെ പൊലിസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും.
ലേബര്‍ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും. വ്യവസ്ഥകള്‍ നിര്‍ബന്ധമാക്കുമ്പോള്‍ തൊഴിലാളികളുടെ വരവ് കുറയ്കാന്‍ കഴിയും. ആലുവയിലുണ്ടായത് ഏറ്റവും വേദനയുണ്ടായ സംഭവമാണ്. ആ കുട്ടിയുടെ കുടുംബം കേരളത്തില്‍ സന്തോഷത്തോയെയാണ് കഴിഞ്ഞത്. നമ്മുടെ തൊഴിലാളികള്‍ക്ക് നല്‍കുന്നതിനെക്കാള്‍ പരിരക്ഷ അതിഥികള്‍ക്ക് നല്‍കുന്നുണ്ട്. അതവര്‍ ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.