യു.കെ മലയാളി ഉള്‍പ്പെടെ മൂവാറ്റുപ്പുഴയാറില്‍ മുങ്ങി മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇറ്റലി മലയാളികള്‍
ജെജി മാന്നാര്‍
റോം: വൈക്കം വെള്ളൂര്‍ ചെറുകര മൂവാറ്റുപ്പുഴയാറില്‍ കുളിക്കാനിറങ്ങിയ അരയന്‍കാവ് മുണ്ടക്കല്‍ കുടുംബത്തിലെ ജോണ്സണ്, അലോഷി, ജിസ്മോള്‍ എന്നി മൂന്നു പേര് മുങ്ങി മരിച്ച അപകടം റോമിലെ മലയാളികളെയും അതീവ ദുഃഖത്തിലാഴ്ത്തി. സംഭവത്തില്‍ മലയാളികള്‍ അനുശോചിക്കുകയും പ്രാര്‍ത്ഥനകള്‍ നേരുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.
റോമിലെ മലയാളി സംഘടനയായ അലിക്ക് ഇറ്റലിയുടെ പ്രസിഡന്റ് ബെന്നി വെട്ടിയാട്ടന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നിരവധി മലയാളികള്‍ പങ്കെടുക്കുകയും ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.
പ്രവാസി കേരള കോണ്‍ഗ്രസ്സ് എം ഇറ്റലി എക്സികുട്ടീവ് അംഗമായ സാബു മത്തായിയെ കമ്മിറ്റി അംഗങ്ങള്‍ നേരിട്ട് എത്തി ആശ്വസിപ്പിച്ചു. റോമിലെ മലയാളി സമൂഹത്തില്‍ നിന്നും നിരവധി പേര് കുടുംബത്തെ സന്ദര്‍ശിച്ചു അനുശോചനം അറിയിച്ചു.
അമ്മയുടെ സഹോദരന്റെ മൃതസംസ്കാരത്തില്‍ പങ്കെടുക്കാനായി നാട്ടിലെത്തിയ യുകെ മലയാളിയായ ജിസ്മോള്‍ (15) വര്‍ഷങ്ങളായി റോമില്‍ താമസിക്കുന്ന സാബു മാത്തായി പൂച്ചക്കാട്ടിലില്-സിനി ദമ്പതികളുടെ മകനായ അലോഷി (16), റോമില്‍ ജോലി ചെയ്യുന്ന ജോമോന് മുണ്ടക്കലിന്റെ സഹോദരന് ജോണ്സണ് (46) എന്നിവരെയാണ് ആകസ്മികമായി മരണം കവര്‍ന്നത്.
ജിസ്മോള്‍ കാല് വഴുതി വീണു വെള്ളത്തില്‍ താഴുന്നതു കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു പേരും ഒഴുക്കില്‍ പ്പെടുകയായിരുന്നെന്നാണ് വിവരം. മരിച്ച മൂവരും അടുത്ത ബന്ധുക്കളാണ്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റു ബന്ധുക്കള്‍ സുരക്ഷിതരാണ്. ഏഴു പേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. മൂന്നു പേരെ കാണാതായതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവര്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വൈക്കം കടുത്തുരുത്തി എന്നിവിടങ്ങളില്‍നിന്നും അഗ്നിശമന സേന എത്തി രണ്ടു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.