വിയന്നയില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
വിയന്ന: വിവിധ മലയാളി സംഘടനാ പ്രതിനിധികളും, പൗരാവലിയുമായി ഓസ്ട്രിയയിലെ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഓ.ഐ.സി.സി) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചു. സിറിയക്ക് ചെറുകാട് ആലപിച്ച പ്രാര്‍ത്ഥനാഗാനത്തോടെ യോഗനടപടികള്‍ ആരംഭിച്ചു.
സ്മിത നിഷാന്ത് സ്വാഗതം ആശംസിച്ച യോഗത്തില്‍ ഓ.ഐ.സി.സി ഓസ്ട്രിയയുടെ ദേശിയ പ്രസിഡണ്ട് റിന്‍സ് മാത്യു നിലവൂര്‍ ഉമ്മന്‍ ചാണ്ടിയുടെ ജീവിതരേഖ അവതരിപ്പിക്കുകയും ഔപചാരികമായി അനുശോചനപ്രമേയം പാസാക്കുകയും ചെയ്തു.
ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ (വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍), ചാക്കോച്ചന്‍ മലയില്‍ (വേള്‍ഡ് മലയാളി കൗണ്‍സില്‍), സോണി ചേന്നുംകര (വിയന്ന മലയാളി അസോസിയേഷന്‍), സിറോഷ് ജോര്‍ജ് (വൈസ് ചെയര്‍മാന്‍, ഓ.ഐ.സി.സി യൂറോപ്പ്), സണ്ണി വെളിയത്ത് (ഓ.ഐ.സി.സി, ഓസ്ട്രിയ), സാജന്‍ പട്ടേരി (കേരള സമാജം), സുനില്‍ കോര (വോയ്സ് വിയന്ന), ജേക്കബ് കീക്കാട്ടില്‍ (ഡബ്ല്യു.എം.എഫ്, ഓസ്ട്രിയ) തുടങ്ങിയവര്‍ വിവിധ സംഘടനകളെ പ്രതിനിധികരിച്ച് അനുശോചനം അറിയിച്ചു.
ചടങ്ങില്‍ നിരവധി മലയാളികള്‍ ഉമ്മന്‍ ചാണ്ടിയുമായുള്ള അവരുടെ ഓര്‍മ്മകള്‍ പങ്കുവച്ചു. വിയന്നയിലെ പല മലയാളികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് രാഷ്ട്രീയ കേരളത്തിന്റെ തീരാനഷ്ടമാണെന്ന് അദ്ദേഹം പ്രതിനിധികരിച്ച പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നുള്ള മലയാളികള്‍ അനുസ്മരിച്ചു. ഓ.ഐ.സി.സി ദേശിയ ഘടകത്തിനുവേണ്ടി ബേബി തുപ്പതി നന്ദി അറിയിച്ചു. ലഘുഭക്ഷണത്തോടെ സമ്മേളനം സമാപിച്ചു.