ബീഹാറില്‍ നഴ്സിനെ ആശുപത്രി ജീവനക്കാര്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

പാറ്റ്ന: ബീഹാറിലെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ നഴ്സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഒരു സ്വകാര്യ നഴ്സിംഗ് ഹോമിലെ ഡോക്ടറും കോമ്പൗണ്ടര്‍മാരും ചേര്‍ന്നാണ് 30 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. മുസാഫര്‍പൂരിലെ ആംബുലന്‍സില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

മോത്തിഹാരിയിലെ ജാങ്കി സേവാ സദന്‍ നഴ്സിംഗ് ഹോമില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. വിധവയായ 30 കാരിയായ നഴ്സാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഇരയ്ക്ക് 4 വയസ്സുള്ള ഒരു മകനുമുണ്ട്. സംഭവസ്ഥലത്ത് നിന്നും 80 കിലോമീറ്റര്‍ അകലെ ആംബുലന്‍സില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇരയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു.

പ്രതിയായ ഡോക്ടറും മറ്റ് ജീവനക്കാരും ഒളിവിലാണ്, ഒരു കോമ്പൗണ്ടറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നഴ്സിംഗ് ഹോം സീല്‍ ചെയ്ത പൊലീസ് ഡോക്ടര്‍ക്കും മറ്റ് പ്രതികള്‍ക്കുമായി തെരച്ചില്‍ തുടരുകയാണ്.