എടത്വ മാലിയില്‍ പുളിക്കത്ര തറവാടിന് യു.ആര്‍.എഫ് ലോക റിക്കോര്‍ഡ് സമ്മാനിച്ചു
ആലപ്പുഴ: ഈ തവണ ട്രോഫി കളോടൊപ്പം മാലിയില്‍ പുളിക്കത്ര തറവാട്ടിലെത്തിയ വേള്‍ഡ് റിക്കോര്‍ഡില്‍ മുത്തശ്ശി മോളി ജോണ്‍ മുത്തമിട്ടു. കഴിഞ്ഞ ഒരു നൂറ്റാണ്ടായി ജല കായിക മത്സര രംഗത്ത് ഇതിഹാസം രചിച്ച് ലോകമെങ്ങുമുള്ള കുട്ടനാടന്‍ ജലോത്സവ പ്രേമികള്‍ക്ക് ആവേശവും അതുല്യമായ പെരുമയും സമ്മാനിച്ച എടത്വ പാണ്ടങ്കരി മാലിയില്‍ പുളിക്കത്ര തറവാട് യു.ആര്‍.എഫ് ലോക റിക്കോര്‍ഡില്‍ ഇടം പിടിച്ചു.
ജൂറി ഡോ.ജോണ്‍സണ്‍ വി ഇടിക്കുള നല്കിയ രേഖകള്‍ പരിധിശോധിച്ചതിന് ശേഷം യു.ആര്‍.എഫ് വേള്‍ഡ് റിക്കോര്‍ഡ് ചീഫ് എഡിറ്റര്‍ ഗിന്നസ്സ് ഡോ.സുനില്‍ ജോസഫ് പ്രഖ്യാപനം നടത്തി.റിക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റും അംഗികാര മുദ്രയും എ.എം ആരിഫ് എം.പി, തോമസ് കെ തോമസ് എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.
മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും നാലാമത്തെ കളി വള്ളമായ ‘ഷോട്ട് പുളിക്കത്ര’ 2017 ജൂലൈ 27-ന് ആണ് നീരണിഞ്ഞത്. ഒരു നൂറ്റാണ്ടിനുള്ളില്‍ ഒരേ കുടുബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ 4 കളിവള്ളങ്ങള്‍ നിര്‍മ്മിച്ച പാരമ്പര്യത്തിനാണ് യു.ആര്‍.എഫ് വേള്‍ഡ് റിക്കോര്‍ഡ്.
എടത്വാ വില്ലേജ് യൂണിയന്‍ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേര്‍ഡ് കൃഷി ഇന്‍സ്‌പെക്ടര്‍ മാലിയില്‍ ചുമ്മാര്‍ ജോര്‍ജ് പുളിക്കത്രയാണ് 1926ല്‍ തറവാട്ടില്‍ നിന്നും ‘പുളിക്കത്ര’ വള്ളം നീരണിയിക്കുന്നത്.
1952 ലെ നെഹ്‌റു ട്രോഫി ജലമേളയില്‍ 1600 മീറ്റര്‍ 4.04 മിനിട്ട് എന്ന റിക്കോര്‍ഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ കളിവള്ളമായ ‘പുളിക്കത്ര’.കുട്ടനാടന്‍ ജനതക്ക് അടക്കാനാവാത്ത ആവേശം സമ്മാനിച്ച ബാബു പുളിക്കത്ര 1960-ല്‍ നീറ്റിലിറക്കിയ ‘ഷോട്ട് 37 തവണ നെഹ്‌റുട്രോഫി ജലമേളയില്‍ വിജയം നേടിയിട്ടുണ്ട്.
നവതി നിറവില്‍ തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണക്കായിട്ടാണ് നാലാമത്തെ വള്ളം പ്രവാസിയായ ജോര്‍ജ് ചുമ്മാര്‍ മാലിയില്‍ (ജോര്‍ജ്ജി) 2017ല്‍ നിര്‍മ്മിച്ചത്.
അഞ്ചാം തവണയും ക്യാപ്റ്റന്‍ ആയി 69-ാംമത് നെഹ്‌റു ട്രോഫി മത്സരത്തില്‍ പങ്കെടുത്ത് ഉജ്വല പ്രകടനം നടത്തിയ ആദം പുളിക്കത്ര (11) മന്ത്രി പി.പ്രസാദില്‍ നിന്ന് ലോകസഭാംഗങ്ങളായ കൊടിക്കുന്നില്‍ സുരേഷ്, എ എം ആരിഫ്,എംഎല്‍എ മാരായ എച്ച് സലാം, എം.എസ് അരുണ്‍, തോമസ് കെ തോമസ്, പി.പി ചിത്തരജ്ചന്‍, ദലീമ ജോജോ,ജില്ലാ കലക്ടര്‍ ഹരിത വി.കുമാരി, സബ് കളക്ടര്‍ സൂരജ് ഷാജി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ട്രോഫികള്‍ ഏറ്റ് വാങ്ങി.
റിക്കോര്‍ഡ് നേടിയ ആഹ്‌ളാദത്തില്‍ കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് മധുരം വിരണം ചെയ്ത് ആഘോഷിച്ചു.ഭവനത്തില്‍ നടന്ന സ്‌ത്രോത്ര ശുശ്രൂഷയ്ക്ക് ഫാദര്‍ ജിലോ മാത്യൂ നൈനാന്‍ നേതൃത്വം നല്കി.