എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ ജനാഭിമുഖകുര്‍ബാന നടത്താന്‍ വിശ്വാസികള്‍

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ഇന്ന് കുര്‍ബാന അര്‍പ്പിക്കുമെന്ന് ഒരു വിഭാഗം വിശ്വാസികള്‍. വൈകിട്ട് നാലുമണിക്ക് കുര്‍ബാന നടത്താനാണ് തീരുമാനം. രാവിലെ മുതല്‍ പള്ളിയില്‍ ആരാധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും ഏകീകൃത കുര്‍ബാനയ്ക്കെതിരായ പ്രമേയം പള്ളിക്ക് മുന്നില്‍ അവതരിപ്പിക്കും. ഇന്നലെ വൈകുന്നേരമാണ് കനത്ത പോലീസ് കാവലിനിടെ മാര്‍പാപ്പയുടെ പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ പള്ളിയില്‍ ആരാധന നടത്തിയത്. ഇതേത്തുടര്‍ന്ന് വലിയ പ്രതിഷേധവും സംഘര്‍ഷവും ആണ് പള്ളിയില്‍ ഉണ്ടായത്.

കുര്‍ബാന തര്‍ക്കവുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമായിരിക്കുന്നതിനിടെ കേരളത്തിലെത്തിയ മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ ഇന്നലെ എറണാകുളം സെന്റ് മേരിസ് ബസലിക്കയില്‍ പ്രാര്‍ത്ഥനക്ക് എത്തി. വിവരമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാരായ വിശ്വാസികള്‍ ആര്‍ച്ച് ബിഷപ്പിനെ തടഞ്ഞു. ആര്‍ച്ച് ബിഷപ്പിന് നേരെ കുപ്പിയേറിയുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന വന്‍ പൊലീസ് സന്നാഹം പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കി. ആര്‍ച്ച് ബിഷപ്പിനെ സെന്റ് മേരീസ് ബസിലിക്കയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാര്‍ പൊലീസിനെതിരെയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

എകീകൃത കുര്‍ബാന വിഷയമാണ് വലിയ പ്രതിഷേധത്തിന് കാരണമായത്. ആര്‍ച്ച് ബിഷപ്പ് എത്തിയാല്‍ വലിയ രീതിയില്‍ ഉള്ള പ്രധിഷേധം ഉണ്ടാകും എന്ന മുന്നറിയിപ്പ് പല അല്‍മായ സംഘടനകളും കൊടുത്തിരുന്നു. എന്നാല്‍ പ്രാര്‍ത്ഥന നടത്തണം എന്ന് അര്‍ച്ച് ബിഷപ്പ് സിറില്‍ തീരുമാനിക്കുകയായിരുന്നു. ഒരു വിഭാഗം വിശ്വാസികള്‍ വലിയ രീതിയില്‍ പ്രധിഷേധം നടത്തുകയും ചെയ്തു.

എകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാനാണ് വത്തിക്കാനില്‍ നിന്ന് ആര്‍ച്ച് ബിഷപ്പ് സിറില്‍ വസില്‍ എത്തിയത്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് കടന്നതോടെ ജനുവരി മുതല്‍ കൊച്ചി സെന്റ് മേരീസ് ബസിലിക്ക അടഞ്ഞുകിടക്കുകയാണ്. ഇവിടേക്ക് അര്‍ച്ച് ബിഷപ്പ് വന്നതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്.