കുഴല്‍നാടനെ പൂട്ടാന്‍ അടുത്ത പണി; റവന്യൂ വിഭാഗത്തിന്റെ റീസര്‍വേ

കൊച്ചി: മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ കുടുംബവീട്ടില്‍ വെള്ളിയാഴ്ച റവന്യൂ വിഭാഗം സര്‍വേ നടത്തും. മാത്യു കുഴല്‍നാടന്‍ എംഎല്‍എ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ചു സിപിഎം രംഗത്തെത്തിയതിനു പിന്നാലെയാണു റീസര്‍വേ. കോതമംഗലം കടവൂര്‍ വില്ലേജിലെ ഭൂമിയാണ് അളന്നു പരിശോധിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ പതിനൊന്നിനാണ് റീസര്‍വേ. വിജിലന്‍സ് ആവശ്യപ്പെട്ടത് അനുസരിച്ചാണു സര്‍വേയ്ക്കു നോട്ടിസ് നല്‍കിയതെന്നു റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സര്‍വേയ്ക്ക് ആവശ്യമായ സൗകര്യം ചെയ്തു കൊടുക്കണം എന്നാവശ്യപ്പെട്ട് താലൂക്ക് സര്‍വേയര്‍ മാത്യു കുഴല്‍നാടനു നോട്ടിസ് നല്‍കി. ഇവിടെ നിലം മണ്ണിട്ട് നികത്തുന്നതിനെച്ചൊല്ലി നേരത്തേ തര്‍ക്കവും പ്രതിഷേധവുമുണ്ടായിരുന്നു.

അഭിഭാഷകനായി സജീവ പ്രാക്ടീസ് ആരംഭിച്ച് ഏകദേശം 12 വര്‍ഷം മാത്രമായ കുഴല്‍നാടന് ഇത്രയധികം വരുമാനം ഉണ്ടായതു സംശയകരമാണെന്നു സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ പറഞ്ഞിരുന്നു. 2021 മാര്‍ച്ച് 18നു രാജകുമാരി സബ് റജിസ്ട്രാര്‍ ഓഫിസില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട വസ്തുവിനും റിസോര്‍ട്ടിനും മാത്യു കുഴല്‍നാടനും 2 പങ്കാളികളും വിലയായി കാണിച്ചത് 1.92 കോടി രൂപ മാത്രമാണ്.

തൊട്ടുപിറ്റേന്ന്, മാര്‍ച്ച് 19നു മൂവാറ്റുപുഴ മണ്ഡലത്തില്‍ മത്സരിക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷനു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഈ വസ്തുവിലും റിസോര്‍ട്ടിലും തനിക്ക് 50% ഓഹരിയുണ്ടെന്നും അതിന്റെ മൂല്യം മൂന്നരക്കോടി രൂപയാണെന്നുമാണു മാത്യു കാണിച്ചത്. 24 മണിക്കൂര്‍ കൊണ്ട് 1.92 കോടി രൂപയുടെ മൂല്യം 7 കോടിയായി ഉയര്‍ന്നു. ഇതേപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്നാണു സിപിഎം ആവശ്യപ്പെടുന്നത്.