നവോദയ ദിനാചരണവും പി കൃഷ്ണപിള്ള അനുസ്മരണവും നടത്തി നവോദയ റിയാദ്
സ്വാതന്ത്ര്യ സമര സേനാനിയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക സെക്രട്ടറിയുമായ പി കൃഷ്ണ പിള്ള അനുസ്മരണം റിയാദ് നവോദയയുടെ ആഭിമുഖ്യത്തില്‍ നടന്നു. നവോദയ രൂപീകരണ ദിനവും കൂടിയാണ് കൃഷ്ണപിള്ള ദിനം. നവോദയ സ്ഥാപകരില്‍ ഒരാളും സംഘടനയുടെ ജോയിന്റ് സെക്രട്ടറിയുമായ പൂക്കോയ തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. കൃഷ്ണപിള്ള അനുസ്മരണ പ്രഭാഷണം കേന്ദ്ര കമ്മിറ്റി അംഗം ഷാജു പത്തനാപുരം നിര്‍വ്വഹിച്ചു. അയിത്തവും കൊടിയ ജാതി ചിന്തയും അരങ്ങുവാണിരുന്ന കേരളത്തില്‍ അനാചാരങ്ങള്‍ക്കെതിരെ പടനയിച്ച നവോത്ഥാനനായകനായിരുന്നു അദ്ദേഹം.
തൊഴിലാളികളെയും കര്‍ഷകരേയും സംഘടിപ്പിച്ചു ബ്രിട്ടീഷുകാര്‍ക്കെതിരെയും നാടുവാഴികള്‍ക്കെതിരെയും പോരാട്ടങ്ങള്‍ സംഘടിപ്പിച്ച കൃഷ്ണപിള്ള, ശക്തമായ സംഘടനാ അടിത്തറയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നല്‍കിയതെന്ന് ഷാജു അനുസ്മരിച്ചു. ഫാസിസം ഇന്ത്യന്‍ ഭരണചക്രം നിയന്ത്രിക്കുന്ന ഇക്കാലത്ത് വര്‍ഗ്ഗീയതക്കതിരെ പോരാടുന്നതിന് കൃഷ്ണപിള്ളയുടെ ജീവിതം മാര്‍ഗ്ഗദര്‍ശിയാക്കണമെന്ന് പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു. നവോദയയുടെ കഴിഞ്ഞകാല കലാ-സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍ വിവരിച്ചു. പ്രസിഡന്റ് വിക്രമലാല്‍ അധ്യക്ഷനായിരുന്നു. ബാബുജി, ശ്രീരാജ്, അനി മുഹമ്മദ്, ഗോപിനാഥന്‍, അയ്യൂബ് കരുപടന്ന, കലാം, കുമ്മിള്‍ സുധീര്‍ എന്നിവര്‍ സംസാരിച്ചു. ഷൈജു ചെമ്പൂര് സ്വാഗതവും മനോഹരന്‍ നന്ദിയും പറഞ്ഞു.