ചന്ദ്രയാന്‍ ദൗത്യം; ചരിത്രമെഴുതി ഇന്ത്യ
ബെംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി. ആകാംക്ഷയ്ക്ക് വിരാമമിട്ടു ചാന്ദ്ര ദൗത്യത്തില്‍ ചരിത്രമെഴുതി ഇന്ത്യ. ഇതോടെ ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹത്തിന്റെ അജ്ഞാത പ്രദേശമായ ദക്ഷിണധ്രുവത്തില്‍ എത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന ആദ്യത്തെ രാജ്യമെന്ന ചരിത്ര നേട്ടമാണ് ഇതോടെ ചന്ദ്രന്റെ മണ്ണില്‍ പിറന്നത്. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന റിക്കാര്‍ഡും ഇന്ത്യക്ക് സ്വന്തമായി. ലാന്‍ഡര്‍ ഇറങ്ങി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ ഓര്‍ബിറ്റര്‍ വഴി ഭൂമിയിലെ കണ്‍ട്രോള്‍ സെന്ററിലെത്തുമെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചത്.
ചന്ദ്രനില്‍നിന്ന് കുറഞ്ഞത് 25 കിലോമീറ്റര്‍ അടുത്തായി ഭ്രമണം ചെയ്യുന്ന ചന്ദ്രയാനെ നാലു ഘട്ടമായി താഴ്ത്തിയാണ് സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. റഫ് ബ്രേക്കിംഗ് എന്ന ഘട്ടത്തില്‍ സെക്കന്‍ഡില്‍ 1.68 കിലോമീറ്റര്‍ പ്രവേഗത്തില്‍ 90 ഡിഗ്രിയില്‍ തിരശ്ചീനമായി സഞ്ചരിക്കുന്ന പേടകത്തെ ലംബദിശയില്‍ കൊണ്ടു വരുന്നതായിരുന്നു ആദ്യപടി. 690 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന ആദ്യ ഘട്ടത്തില്‍ ചന്ദോപരിതലത്തില്‍നിന്ന് 30 കിലോമീറ്റര്‍ ഉയരത്തില്‍ സഞ്ചരിച്ച പേടകത്തെ 7.4 കിലോമീറ്ററിലേക്ക് താഴ്ത്തിക്കൊണ്ടുവന്നു. ചന്ദ്രനെ ഭ്രമണം ചെയ്തിരുന്ന പേടകം ലാന്‍ഡിംഗ് നടക്കുന്ന പ്രദേശത്തേക്ക് 713.5 കിലോമീറ്റര്‍ സഞ്ചരിച്ചു. ലാന്‍ഡറിലെ നാല് ത്രസ്റ്ററുകളില്‍ രണ്ടെണ്ണം വീതം വിപരീതദിശകളില്‍ ജ്വലിപ്പിച്ചാണ് ഇതു സാധ്യമാക്കിയത്.
പിന്നീട് ഓള്‍റ്റിറ്റിയൂഡ് ഹോള്‍ഡ് ഫേസില്‍ പത്തുസെക്കന്‍ഡ് സമയം ത്രസ്റ്ററുകള്‍ പ്രവര്‍ത്തിച്ച് പേടകത്തെ ലംബദിശയിലേക്കു തിരിച്ച് ചന്ദ്രനില്‍നിന്ന് 6.8 കിലോമീ റ്റര്‍ താഴ്ത്തിക്കൊണ്ടുവന്നു. തിരശ്ചീനപ്രവേഗം സെക്കന്‍ഡില്‍ 336 മീറ്ററും ലംബപ്രവേഗം സെക്കന്‍ഡില്‍ 59 മീറ്ററുമായിരിന്നു പ്രവേഗം. അവസാന ഘട്ടമായ ഫൈന്‍ ബ്രേക്കിംഗ് ഫേസില്‍ 175 സെക്കന്‍ഡ് ത്രസ്റ്റുകള്‍ പ്രവര്‍ത്തിച്ച് പേടകത്തെ പൂര്‍ണായും ലംബദിശയില്‍ എത്തിച്ചു. ചന്ദ്രോപരിതല ത്തില്‍നിന്ന് 800 മുതല്‍ 1000 മീറ്റര്‍ ഉയരത്തിലെത്തിയ പേടകം നേരേ താഴേക്കു ലാന്‍ഡ് ചെയ്യാന്‍ ആരംഭിച്ചു. ടെര്‍മിനല്‍ ഡിസെന്റ് ഫേസ് എന്നാണ് ഇതിനു പറയുന്നത്. 131 സെക്കന്‍ഡ് ത്രസ്റ്ററുകള്‍ പ്രവര്‍ത്തിച്ച് പേടകം ചന്ദ്രോപരിതലത്തില്‍നിന്ന് 150 മീറ്റര്‍ ഉയരത്തില്‍എത്തിച്ചു. 22 സെക്കന്‍ഡ് ലാന്‍ഡര്‍ അവിടെ ഹോള്‍ഡ് ചെയ്തു. പേടകത്തിലെ കാമറകള്‍ പ്രദേശത്തിന്റെ ചിത്രങ്ങളെടുത്ത് ലാന്‍ഡിംഗ് പ്രദേശത്തിന്റെ സ്വഭാവം പരിശോ ധിച്ച് അവിടം അനുയോജ്യമെന്ന് കണ്ട് സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി.