ചന്ദ്രയാനില്‍ നിന്നുള്ള ആദ്യ ചിത്രം പുറത്ത്

ബെംഗളുരു: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയ ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ ചന്ദ്രനില്‍ നിന്ന് ആദ്യമായി പകര്‍ത്തിയ ചിത്രം പുറത്തുവിട്ട് ഐഎസ്ആര്‍ഒ. എക്‌സിലാണ് ഐഎസ്ആര്‍ഒ ചിത്രം പങ്കുവെച്ചത്. ലാന്‍ഡറിലെ ലാന്‍ഡിങ് ഇമേജര്‍ ക്യാമറ ഉപയോഗിച്ചാണ് ഈ ചിത്രം പകര്‍ത്തിയത്.

ചന്ദ്രയാന്‍ പേടകം ഇറങ്ങിയ സ്ഥലമാണ് ചിത്രത്തില്‍ കാണുന്നത്. പേടകത്തിന്റെ ഒരു കാലിന്റെ നിഴലും ചിത്രത്തില്‍ കാണാം. പാറകളും മറ്റുമില്ലാത്ത താരതമ്യേന പരന്നുകിടക്കുന്ന ഒരു പ്രതലമാണ് ചന്ദ്രയാന്‍ 3 ഇറങ്ങുന്നതിനായി തിരഞ്ഞെടുത്തത് എന്നും ഐഎസ്ആര്‍ഒ പറയുന്നു.

ചന്ദ്രനില്‍ ഇറങ്ങുന്നതിനിടെ ചന്ദ്രയാന്‍ പകര്‍ത്തിയ ചിത്രങ്ങളും ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടുണ്ട്. ചന്ദ്രനില്‍ ഇറങ്ങിയ ശേഷം ചന്ദ്രയാന്‍ 3 പേടകവും ബെംഗളുരുവിലെ മിഷന്‍ ഓപ്പറേഷന്‍സ് കോംപ്ലക്‌സും തമ്മിലുള്ള ആശയവിനിമയം സ്ഥാപിക്കപ്പെട്ടതിന് ശേഷമാണ് ഈ ചിത്രങ്ങള്‍ ഭൂമിയിലെത്തിയത്.