ലോക അഗതി ദിനത്തില്‍ ക്ഷേത്ര മുഖ്യതന്ത്രി അഗതി മന്ദിരമായ സ്‌നേഹഭവനിലെത്തി

എടത്വ: അഗതികളുടെ അമ്മ മദര്‍ തെരേസയുടെ 113-ാം ജന്മദിനം അഗതികളോടൊപ്പം പങ്കിടുവാന്‍ ക്ഷേത്ര മുഖ്യതന്ത്രി ‘സ്‌നേഹ ഭവനി’ലെത്തി. തലവെടി തിരുപനയനൂര്‍ കാവ് ദേവി ക്ഷേത്രം മുഖ്യ തന്ത്രിയും ഓള്‍ കേരള ബ്രാഹ്‌മിണ്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റുമായ ബ്രഹ്‌മശ്രീ നീലകണ്ഠരരു ആനന്ദ് പട്ടമന യാണ് പ്രത്യേക ദിനത്തില്‍ അന്തേവാസികളോടൊപ്പം സമയം ചിലവഴിക്കാന്‍ എത്തിയത്. അശരണരുടെ അമ്മയായിരുന്ന മദര്‍ തെരേസ്സയുടെ ജീവിതം അദ്ദേഹത്തെ ഏറെ സ്വാധിനിച്ചിട്ടുണ്ടെന്നും അര്‍ഹരെ സഹായിക്കുന്നത് പുണ്യമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

സ്‌നേഹഭവനിലെത്തിയ ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, എടത്വ വികസന സമിതി ജനറല്‍ സെക്രട്ടറി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള ക്ഷേത്ര ഭാരവാഹികളായ അജികുമാര്‍ കലവറശ്ശേരില്‍, ഭരതന്‍ പട്ടരുമഠം എന്നിവരെ ഡയറക്ടര്‍ ജോണിക്കുട്ടി തുരുത്തേല്‍ സ്വീകരിച്ചു.

കഴിഞ്ഞ 17 വര്‍ഷമായി തലവെടി തിരുപനയനൂര്‍ കാവ് ദേവി ക്ഷേത്രത്തിലെ നവരാത്രി ഉത്സവ ത്തോടനുബന്ധിച്ച് 10 ദിവസം സ്‌നേഹഭവനിലേക്ക് അന്നദാനം നല്കി വരുന്നു. യു.ആര്‍.എഫ് ലോക റിക്കോര്‍ഡില്‍ ഇടം പിടിച്ച ഏറ്റവും ഉയരം കൂടിയ കൃഷ്ണശില ധ്വജം ഈ ക്ഷേത്രത്തിലാണ്.

കേരള സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ഡോ.വി.വേണു സെപ്റ്റംബര്‍ 3ന് 10.30ന് ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തുന്നുണ്ട്.