പൂജപ്പുര പൊലീസ് പുതുപ്പള്ളിയിലെത്തി അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തി
സൈബര്‍ അധിക്ഷേപ പരാതിയില്‍ പൂജപ്പുര പൊലീസ് പുതുപ്പള്ളിയിലെത്തി അച്ചു ഉമ്മന്റെ മൊഴി രേഖപ്പെടുത്തുന്നു. വനിതാ കമ്മിഷനിലും, സൈബര്‍ സെല്ലിലും, പൂജപ്പുര പൊലീസ് സ്റ്റേഷനിലും അച്ചു ഉമ്മന്‍ പരാതി നല്‍കിയിരുന്നു.
സൈബര്‍ അധിക്ഷേപത്തിനെതിരെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. അച്ചു ഉമ്മനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സെക്രട്ടേറിയേറ്റിലെ മുന്‍ ഇടത് നേതാവ് നന്ദകുമാറിനെതിരെയാണ് കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിച്ച് പോസ്റ്റ് ഇട്ടതിനാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് കേസ്. പൂജപ്പുര പൊലീസാണ് കേസെടുത്തത്. അച്ചു ഉമ്മന്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് കേസ്.
അതിനിടെ, അച്ചു ഉമ്മനെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതില്‍ നന്ദകുമാര്‍ ക്ഷമാപണം നടത്തിയിരുന്നു. മുന്‍ അഡീഷണല്‍ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിയാണ് ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തിയത്. അച്ചു ഉമ്മന്‍ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ക്ഷമാപണം.
‘ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. ഞാന്‍ ഇട്ട കമന്റ് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ക്ക് അപമാനമായി പോയതില്‍ ഖേദിക്കുന്നുവെന്നു. സ്ത്രീത്വത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. അറിയാതെ സംഭവിച്ച് പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നാണ്’ ഫേസ്ബുക്ക് പോസ്റ്റ്.
പുതുപ്പള്ളി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യങ്ങളിലെ വിവാദങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും മറുപടിയുമായി അച്ചു ഉമ്മന്‍ രംഗത്തുവന്നിരുന്നു. പ്രഫഷനില്‍ പിതാവ് ഉമ്മന്‍ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും സ്വന്തമാക്കിയിട്ടില്ലെന്നും എല്ലാ കാര്യങ്ങളിലും സുതാര്യത പുലര്‍ത്തിയിട്ടുണ്ടെന്നും അച്ചു ഉമ്മന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സൈബര്‍ പോരാളികള്‍ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങള്‍ നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പിതാവിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കുന്ന തരത്തിലാണ് ഇടപെടലുകളെന്നും ഇത് വളരെ നിരാശാജനകമാണെന്നും അച്ചു ഉമ്മന്‍ കുറിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനിടെ, അവര്‍ക്ക് സമ്പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് ലീജോ ഫിലിപ്പ് രംഗത്തെത്തി. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ലീജോ, അച്ചുവിന് പിന്തുണ പ്രഖ്യാപിച്ചത്. കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയിലുള്ള അച്ചു ഉമ്മന്റെ യാത്രയില്‍ പൂര്‍ണ ഹൃദയത്തോടെ ഒപ്പം നില്‍ക്കുന്നെന്ന് ലീജോ കുറിച്ചു.