2047ല്‍ ഇന്ത്യ വികസിത രാജ്യമാകും; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യം ലഭിച്ചതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യ വികസിത രാജ്യമായി മാറിയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്ന് അഴിമതിക്കും ജാതീയതയ്ക്കും വര്‍ഗീയതയ്ക്കും ഇന്ത്യന്‍ സമൂഹത്തില്‍ യാതൊരുവിധ സ്ഥാനവും ഉണ്ടാവില്ലെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മോദി പറഞ്ഞു.

2047 ആകുമ്പോഴേക്കും ഇന്ത്യ വികസിത രാജ്യമായി മാറുമെന്നാണ് മോദി പ്രതീക്ഷ പ്രകടിപ്പിച്ചത്. ചുരുങ്ങിയ കാലയളവില്‍ തന്നെ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച ഇന്ത്യ ഭാവിയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇടംപിടിക്കും. അടുത്ത ആയിരം വര്‍ഷത്തേക്ക് ഓര്‍മ്മിക്കപ്പെടാവുന്ന വളര്‍ച്ചയ്ക്കുള്ള അടിത്തറയാണ് ഇന്ത്യയില്‍ ഒരുക്കിയിരിക്കുന്നതെന്നും മോദി പറഞ്ഞു.

നൂറുകോടി ദരിദ്രരായിരുന്നു രാജ്യത്ത് വളരെ കാലമായി വിശന്നിരുന്നത്. എന്നാല്‍ ഇന്ന് നൂറുകോടി പേര്‍ അവരാഗ്രഹിക്കുന്ന ജീവിതശൈലിയില്‍ ജീവിക്കുന്നുണ്ട്. ഇരുനൂറു കോടിയിലേറെ പേര്‍ സ്വയംതൊഴില്‍ പര്യാപ്തരായിക്കഴിഞ്ഞുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.