‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ആശയം ഇന്ത്യന്‍ യൂണിയനും സംസ്ഥാനങ്ങള്‍ക്കും നേരെയുള്ള ആക്രമണം’: രാഹുല്‍ ഗാന്ധി

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം ഇന്ത്യന്‍ യൂണിയനും സംസ്ഥാനങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. ഇന്ത്യയെന്നാല്‍ സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും രാഹുല്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ എഴുതി. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ വിഷയം പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതി രൂപീകരിച്ച പശ്ചാത്തലത്തിലാണ് രാഹുലിന്റെ വിമര്‍ശനം.

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സമിതി അധ്യക്ഷന്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് എന്നിവരെ കൂടാതെ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ മുന്‍ അധ്യക്ഷന്‍ എന്‍.കെ. സിംഗ്, മുന്‍ ലോക്സഭാ ജനറല്‍ സെക്രട്ടറി സുബാഷ് കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ഉന്നതതല സമിതി യോഗങ്ങളില്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും.

കോണ്‍ഗ്രസ് ലോക്സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ അംഗമായി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സമിതിയില്‍ ചേരില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒരു വോട്ടര്‍പട്ടികയും ഒരു തിരിച്ചറിയല്‍ കാര്‍ഡുമുപയോഗിച്ച് ഒരേസമയം ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും അതിനൊപ്പം തന്നെ മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്നത് പഠിക്കാനും അതിനാവശ്യമായ ഭരണഘടന-നിയമഭേദഗതികള്‍ ശിപാര്‍ശ ചെയ്യാനുമാണ് സമിതിക്കുള്ള നിര്‍ദേശം.