വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വമ്പന്‍ ഓഫറുമായി ഫ്രാന്‍സ്
പാരിസ്: ഉഭയകക്ഷി ബന്ധം വീണ്ടും ഊട്ടിഉറപ്പിക്കുന്നതിന്റെ ഭാഗമായി ഭാരതവും ഫ്രാന്‍സും വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍ ആവീഴ്കരിക്കുന്നു. അതേസമയം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഫ്രാന്‍സിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കുടിയേറ്റത്തിന് വന്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ ഇക്കാര്യത്തെക്കുറിച്ച് ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.
പാഠ്യപദ്ധതിയിലും വിസ നടപടിക്രമങ്ങളിലുമടക്കം മാറ്റം കൊണ്ടുവരാനുള്ള പദ്ധതികള്‍ ഫ്രാന്‍സ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ഇളവുകള്‍ ഗുണം ചെയ്യും. ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഫ്രാന്‍സിലെ ഉപരിപഠന സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി Choose France Tour 2023 (ഒക്ടോബര്‍ 8ന് ചെന്നൈ, ഒക്ടോബര്‍ 11 ന് കല്‍ക്കട്ട, ഒക്ടോബര്‍ 13ന് ഡല്‍ഹി, ഒക്ടോബര്‍ 15ന് മുംബൈ) എന്ന പേരില്‍ നാല് ഇന്ത്യന്‍ നഗരങ്ങളില്‍ ക്യാമ്പയിനും ഫ്രഞ്ച് സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയുമായുള്ള സാമ്പത്തിക കരാറിന്റെയും ഉഭയ കക്ഷി ബന്ധത്തിന്റെയും ഫലമായി 2030 ഓടെ 30,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ രാജ്യത്തെത്തിക്കാനാണ് ഫ്രാന്‍സിന്റെ തീരുമാനം. ഇത് മുന്നില്‍ കണ്ട് ഫ്രഞ്ച് രീതികള്‍ക്കൊപ്പം അന്താരാഷ്ട്ര പാഠ്യപദ്ധതി പരിഷ്കരിക്കാനുള്ള നടപടികള്‍ക്ക് ഫ്രാന്‍സ് വിദ്യാഭ്യാസ മന്ത്രാലയം തുടക്കം കുറിച്ച് കഴിഞ്ഞു. ഇന്റര്‍നാഷണല്‍ ക്ലാസസ് എന്ന പ്രോഗ്രാമിലൂടെ ഇംഗ്ലീഷ് ഭാഷയിലുള്ള പഠനം ഫ്രഞ്ച് സര്‍വ്വകലാശാലകളില്‍ ഇതോടെ കൂടുതല്‍ സാധ്യമാകും. ഇതിനായി രാജ്യത്തെ മുപ്പതോളം യൂണിവേഴ്സിറ്റികളിലെ അധ്യാപകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തീരുമാനമായിട്ടുണ്ട്.
ഇതോടൊപ്പം ഏറ്റവും ആകര്‍ഷകമായ പോസ്റ്റ് സ്റ്റഡി പീരീഡില്‍ 5 വര്‍ഷത്തെ ഷെങ്കന്‍ വിസ നല്‍കാനും തീരുമാനമുണ്ട്. ഏതെങ്കിലും മാസ്റ്റര്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കുകയും കുറഞ്ഞത് ഒരു സെമസ്റ്ററെങ്കിലും ഫ്രാന്‍സിലെ കോളജുകളില്‍ പഠിക്കുകയും ചെയ്ത ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭ്യമാകുന്നത്.
2016 മുതല്‍ ഫ്രാന്‍സിലെ കോളജുകളില്‍ ഉപരിപഠനത്തിനായി എത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 92 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായാണ് റിപ്പോര്‍ട്ട്. 2021 ലെ കണക്ക് പ്രകാരം ഫ്രാന്‍സിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 6321ആണ്. നിലവില്‍ ഫ്രാന്‍സിലെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 14ാം സ്ഥാനത്താണ് ഇന്ത്യ.
കൊറോണയ്ക്കു ശേഷം വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളുടെ ഇഷ്ട കേന്ദ്രമായി യൂറോപ്യന്‍ രാജ്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. യു.കെ, കാനഡ എന്നതിനപ്പുറം ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ്, ഇറ്റലി, സ്പെയിന് തുടങ്ങിയ രാജ്യങ്ങളിലേക്ക് വലിയ തോതില്‍ വിദ്യാര്‍ത്ഥികള്‍ പ്രവഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ യൂറോപ്പില്‍ ഉപരിപഠനം സ്വപ്നം കാണുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ സന്തോഷം നല്കുന്ന വാര്‍ത്തയാണ് ഫ്രാന്‍സില്‍ നിന്ന് പുറത്ത് വരുന്നത്.