രാജ്യത്തിന്റെ പേരു മാറ്റുമോ; രാഷ്ട്രീയവൃത്തങ്ങളില്‍ രാഷ്ട്രപതിയുടെ ക്ഷണക്കത്തിനെച്ചൊല്ലി വിവാദം

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയുടെ വിരുന്നിനായി പുറത്തിറക്കിയ ക്ഷണക്കത്തിന്റെ പശ്ചാത്തലത്തില്‍, രാജ്യത്തിന്റെ പേരു മാറ്റുമെന്ന് അഭ്യൂഹം. ഇതിനാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്തതെന്നാണ് അഭ്യൂഹം പ്രചരിക്കുന്നത്. രാജ്യത്തിന്റെ പേര് ഇന്ത്യ ഒഴിവാക്കി ഭാരത് എന്നു മാത്രമാക്കി മാറ്റും. ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ജി 20 ഉച്ചകോടിക്കിടെ രാഷ്ട്രപതി നല്‍കുന്ന അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിനു പകരം, പ്രസിഡന്റ് ഓഫ് ഭാരത് എന്നു മാറ്റിയതാണ് അഭ്യൂഹത്തിന് ഇടയാക്കിയത്. കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ഇക്കാര്യം ചൂണ്ടിക്കാട്ടി എക്സില്‍ ( ട്വിറ്റര്‍) കുറിച്ചതോടെയാണ് ക്ഷണക്കത്ത് ചര്‍ച്ചയായത്.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ എക്സില്‍ കുറിച്ചതും അഭ്യൂഹത്തിന് ശക്തി പകര്‍ന്നു. റിപ്പബ്ലിക് ഓഫ് ഭാരത്- നമ്മുടെ രാജ്യം സന്തോഷത്തോടെയും അഭിമാനത്തോടെയും അമൃത് കാലത്തിലേക്ക് ധീരമായി മുന്നേറുന്നു എന്നാണ് ഹിമന്ത ബിശ്വ ശര്‍മ്മ കുറിച്ചത്.

അതേസമയം ബിജെപി സര്‍ക്കാര്‍ ഭരണഘടനയിലെ ഇന്ത്യ എന്ന പദം മാറ്റിയെഴുതുകയാണെന്ന് ജയ്റാം രമേശ് കുറ്റപ്പെടുത്തി. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 1 പ്രകാരം, ‘ഭാരതം, അതായത് ഇന്ത്യ, സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ് എന്നാണ്. എന്നാല്‍ ഇപ്പോള്‍ ഈ ‘യൂണിയന്‍ ഓഫ് സ്റ്റേറ്റ്’ പോലും ആക്രമണത്തിനിരയായിരിക്കുകയാണ് എന്ന് ജയ്റാം രമേശ് കുറിച്ചു.

നേരത്തെ പ്രതിപക്ഷ സഖ്യം ഇന്ത്യ എന്ന പേരു മാറ്റിയതിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ഔദ്യോ?ഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇന്ത്യ എന്ന വാക്ക് ഭാരത് എന്നാക്കി തിരുത്തിയിരുന്നു. ഇതിനു പിന്നാലെ സംഘപരിവാര്‍ ഇന്ത്യ എന്നതിനു പകരം ഭാരത് എന്ന് രാജ്യത്തിന്റെ പേര് തിരുത്തുമെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു.