യൂറോപ്പ് പ്രവാസി ബിസ്‌നസ് പുരസ്‌കാരം ഡോ. പ്രിന്‍സ് പള്ളിക്കുന്നേലിന് സമ്മാനിച്ചു
സൂറിച്ച്: സ്വിറ്റ്‌സര്‍ലണ്ടിലെ ഇന്ത്യന്‍ സംഘടനയായ കേളിയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച യൂറോപ്പ് പ്രവാസി ബിസ്‌നസ് പുരസ്‌കാരം ഓസ്ട്രിയയില്‍ നിന്നുള്ള വ്യവസായി ഡോ. പ്രിന്‍സ് പള്ളിക്കുന്നേലിന് ലഭിച്ചു. സൂറിച്ചില്‍ സംഘടിപ്പിച്ച വര്‍ണ്ണാഭമായ ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഏച്ച്. ഇ. മൃദുല്‍ കുമാര്‍ പുരസ്‌കാരം സമ്മാനിച്ചു.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ഓസ്ട്രിയയില്‍ നിവസിക്കുന്ന ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ ഓസ്ട്രിയയിലെ ആദ്യത്തെ എക്സോട്ടിക്ക് സൂപ്പര്‍മാര്‍ക്കറ്റായ പ്രോസി ആരംഭിച്ചു. തുടര്‍ന്ന് രാജ്യത്തെ ആദ്യത്തെ എക്സോട്ടിക്ക് കാര്‍ണിവലിന് തുടക്കമിടുകയും ഇന്റര്‍നാഷണല്‍ കുക്കിംഗ് കോഴ്‌സും ഷോയും വര്‍ഷാവര്‍ഷങ്ങളായി സംഘടിപ്പിച്ചു വരികയും ചെയ്യുന്നു. ഇന്റര്‍നാഷണല്‍ കോസ്‌മെറ്റിക്‌സ് ഷോപ്പ്, റെസ്റ്ററാന്റ്റ്, സര്‍വീസ് അപ്പാര്‍ട്ട്‌മെന്റ്‌സ്, കേരളത്തിലെ വിവിധ ബിസ്‌നസ്സുകള്‍, പ്രോസി ഗ്ലോബല്‍ ചാരിറ്റി തുടങ്ങിയ പല പ്രസ്ഥാനങ്ങളും നയിക്കുന്ന അദ്ദേഹം നിലവില്‍ 165 രാജ്യങ്ങളിലായി ഉണ്ടാക്കിയിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി നെറ്റ് വര്‍ക്കായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ സ്ഥാപകനും ഗ്ലോബല്‍ ചെയര്‍മാനുമാണ്.
സില്‍വര്‍ ജൂബിലിയും ഓണാഘോഷവും സംയുക്തമായി ആഘോഷിച്ച സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുള്ള മിനി സ്‌ക്രീന്‍-സിനിമ താരങ്ങളായ രമേശ് പിഷാരടി, വിജയ് യേശുദാസ്, മിഥുന്‍ രമേശ്, ഡോ. ഹരിശങ്കര്‍, സയനോര ഉള്‍പ്പെടെ 1700-ല്‍ അധികം പേര്‍ പങ്കെടുത്തു. ഓണസദ്യക്കുശേഷം സ്വിസ്സിലെ രണ്ടാം തലമുറ യുവജനങ്ങള്‍ ഉള്‍പ്പെട്ട മലയാളി കലാകാരന്മാരുടെ പ്രത്യേക സ്റ്റേജ് പ്രോഗ്രാമും ഉണ്ടായിരുന്നു.