റോമിലെ സാന്ത അനസ്താസിയ ബസിലിക്കയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുന്നാള്‍ ആഘോഷിച്ചു

ജെജി മാന്നാര്‍

റോം: സിറോ മലബാര്‍ സഭയുടെ റോമിലെ സാന്തോം ഇടവകയുടെ നേതൃത്വത്തില്‍ സാന്താ അനസ്താസിയ ബസിലിക്കയില്‍ വിശുദ്ധരായ ജോവാക്കിമിന്റെയും അന്നയുടെയും മകളായ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തീരുന്നാള്‍ സെപ്തംബര്‍ 10 ന് വിപുലമായി ആഘോഷിച്ചു.

മാര്‍ അലക്സ് താരമംഗലം, മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, മാര്‍ ജോണ്‍ പനന്തോട്ടം എന്നിവര്‍ തിരുനാളില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വികാരി ഫാ. ബാബു പണാട്ടുപറമ്പില്‍, സഹവികാരിമാരായ ഫാ. ഷെറിന്‍ മൂലയില്‍, ഫാ. ജിന്റോ പടയാട്ടില്‍ തുടങ്ങിയ വൈദികര്‍ സഹകാര്‍മികരായി.

200-ല്‍ പരം പ്രസുദേന്തിമാരുടെയും ആയിരത്തില്‍പരം വിശ്വാസി സമൂഹം ഒരുമിച്ച ഭക്തിനിര്‍ഭരമായ തിരുനാള്‍ മാമാങ്കമായിരുന്നു റോമില്‍ നടന്നത്. നഗരപ്രദക്ഷണവും തുടര്‍ന്ന് മാതൃജ്യോതിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച 101 മാതൃഭക്തകളുടെ മരിയന്‍ സ്തുതി കീര്‍ത്തനഥ്റ്റിന്റെ ദൃശ്യവിഷ്‌കാരവും ഏറെ ഹൃദ്യമായി.

റോമിലെ മലയാളി സമൂഹത്തിന്റെ വിശ്വാസ പ്രഘോഷണത്തിന്റെ വലിയ വേദി കൂടിയായ തിരുനാളില്‍ അമ്മമാര്‍ വീടുകളില്‍ നിന്നും ഉണ്ടാക്കികൊണ്ടുവന്ന നേര്‍ച്ച ഭക്ഷണവും, കൈകാരന്മാരുടെയും, സാന്തോം പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെയും നേതൃത്വത്തില്‍ തയ്യാറാക്കിയ ഉച്ചഭക്ഷണം കഴിച്ചും, സ്‌നേഹവും സൗഹൃദവും പങ്കുവച്ചുമാണ് തിരുനാള്‍ മഹാമഹം സമാപിച്ചത്.