ജമ്മു കശ്മീരിലെ ഏറ്റുമുട്ടല്‍: ഭീകരരുണ്ടെന്ന് സംശയിക്കുന്ന ഇടങ്ങളില്‍ ഗ്രനേഡ് ആക്രമണം, ഒരു സൈനികന് കൂടി വീരമൃത്യു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്തനാഗില്‍ ഒരു സൈനികന് കൂടി വീരമൃത്യു വരിച്ചു. ഇന്നലെ മുതല്‍ ഈ സൈനികനെ കാണാതായിരുന്നു. അനന്തനാഗില്‍ ഇതുവരെ നാല് സുരക്ഷാസേന ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. അതിനിടെ, ഭീകരരുടെ ഒളിത്താവളമെന്ന് സംശയിക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷ സേന ഡ്രോണ്‍ ഉപയോഗിച്ച് ഗ്രനേഡ് ആക്രമണം നടത്തി.
അനന്തനാഗിലെ കൊകേര്‍നാഗ് വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഭീകരര്‍ക്കായി കഴിഞ്ഞ മൂന്ന് ദിവസമായി വ്യാപക തെരച്ചിലാണ് സൈന്യം നടത്തുന്നത്. ഡ്രോണുകള്‍ അടക്കം ഉപയോഗിച്ച് സൈന്യവും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. മേഖലയില്‍ ഇന്ന് രാവിലെയും ഏറ്റുമുട്ടല്‍ നടന്നതായാണ് വിവരം. കഴിഞ്ഞ ദിവസം രണ്ട് സുരക്ഷസേന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം, ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മേജര്‍ ആഷിഷ് ദോന്‍ചാകിന്റെ മൃതദേഹം ഹരിയാനയിലെ പാനിപ്പത്തില്‍ സംസ്‌കരിച്ചു. പൊതുദര്‍ശനത്തിന് ശേഷം സൈനിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. വീരമൃത്യു വരിച്ച കേണല്‍ മന്‍പ്രീത് സിങിന്റെ മൃതദേഹം ജന്മനാടായ പഞ്ചാബിലെ മുള്ളാന്‍പൂരിലേക്ക് കൊണ്ടുപോയി. പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും. ഈ ബുധനാഴ്ചയാണ് അനന്തനാഗിലെ കൊകേര്‍നാഗില്‍ കനത്ത ഏറ്റുമുട്ടല്‍ നടന്നത്. രജൗരിയിലെ ഏറ്റുമുട്ടലിന് പിന്നാലെയായിരുന്നു അനന്തനാഗില്‍ വെടിവെപ്പ് ഉണ്ടായത്.